1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Air india and Indigo suspended today's all flight service to UAE

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

Iran- Israel conflict, Flight cancellations, Kerala, Iran- Israel war
പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്നതിനിടെ യുഎഇയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഇന്നത്തെ (മാര്‍ച്ച് 15) സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. യുഎഇ അധികൃതരില്‍ നിന്നുള്ള കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
 
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്ക് താല്‍ക്കാലിക സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും, നിലവിലെ അപ്രതീക്ഷിത സാഹചര്യത്തില്‍ ഇവയും നിര്‍ത്തലാക്കുകയായിരുന്നു. മാര്‍ച്ച് 28 വരെയുള്ള പല സ്ഥിരം സര്‍വീസുകളും നേരത്തെ തന്നെ റദ്ദാക്കപ്പെട്ടിട്ടുണ്ട്.
 
മേഖലയില്‍ പുകയുന്ന യുദ്ധം
 
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് കടന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. കഴിഞ്ഞ രാത്രി ഇറാനിലെ ഇസ്ഫഹാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അമേരിക്കയും ഇസ്രായേലും ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി.
 
യുഎഇയിലെ ഫുജൈറയില്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ അല്‍ ഖര്‍ജില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യുദ്ധം പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ അയല്‍രാജ്യങ്ങള്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. യാത്രക്കാര്‍ വിമാനക്കമ്പനികളുടെ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
അടുത്ത ലേഖനം
യുഎസുമായി ചർച്ചയില്ല; അഞ്ചു വർഷം വരെ നീളുന്ന യുദ്ധത്തിനും തയ്യാറെന്ന് ഇറാൻ