മിസൈല്‍ പ്രതിരോധം: റഷ്യ പിന്മാറുമെന്ന് ഇറാന്‍

ടെഹ്‌റാന്‍| WEBDUNIA|
അസര്‍ബൈജാനില്‍ അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന് എതിര്‍പ്പില്ലെന്ന വാദഗതിയില്‍ നിന്ന് റഷ്യ പിന്‍‌മാറുമെന്ന് ഇറാന്‍. റഷ്യന്‍ പ്രസിഡന്‍റ് ഇതു സംബന്ധിച്ച സൂചന നല്‍കിയതായി ഇറാന്‍ അറിയിച്ചു.

യുറോപ്പിലെ തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളെ സംരക്ഷിക്കുന്നതിനായി പോളണ്ടില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍, ഇതിനോട് റഷ്യ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.ഇറാനില്‍ നിന്നുള്ള ഭീഷണി മൂലമാണ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, അസര്‍ബൈജാനില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചാണ് ഇറാന്‍ പുതിയ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
അസര്‍ബൈജാനില്‍ മിസൈല്‍ സംവിധാനം സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സമീപനത്തില്‍ നിന്ന് പിന്മാറുമെന്ന് പുടിന്‍ സൂചന നല്‍കിയതായി ഇറാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് അലി ഹൊസൈനി ആണ് വെളിപ്പെടുത്തിയത്.

മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയായ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന് റഷ്യ അനുകൂല തീരുമാനമെടുക്കില്ല- ഹൊസൈനി പറഞ്ഞു.അസര്‍ബൈജാന്‍ അതിര്‍ത്തി പങ്കിടുന്നത് വടക്ക് റഷ്യയുമായും തെക്ക് ഇറാനുമയാണ്.

അതേസമയം, ഇറാന്‍റെ അവകാശവാദത്തിന്മേല്‍ റഷ്യ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :