കറാച്ചിയില്‍ കര്‍ഫ്യൂ; മരണം 27 ആയി

കറാച്ചി| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (16:08 IST)
വംശീയ കലാപമുണ്ടായ പാകിസ്ഥാനിലെ കറാച്ചിയില്‍ അക്രമകാരികളെ കണ്ടാലുടന്‍ വെടിവച്ചിടാന്‍ ഉത്തരവിട്ടു. അതേസമയം കറാച്ചിയില്‍ ഇന്ന് നടന്ന വെടിവയ്പ്പില്‍ നാലുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ വൈകിട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

കറാച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. മുത്താഹിദ ക്വാമി മൂവ്മെന്‍റ്(എം ക്യു എം) എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രകോപിതരായ എംക്യുഎം പ്രവര്‍ത്തകര്‍ കറാച്ചിയിലെ വിവിധ ഭാഗങ്ങളില്‍ പാഷ്തുന്‍ വിഭാഗങ്ങള്‍ക്കു നേരെ വെടിവയ്പ്പ് നടത്തുകയായിരുന്നു.

നഗരത്തിന്‍റെ പലഭാഗങ്ങളിലും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് 6000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

വംശീയ സംഘര്‍ഷത്തെ പാക് പ്രസിഡന്‍റ് ആസിഫ്‌ അലി സര്‍ദാരി അപലപിച്ചു. തീവ്രവാദികള്‍ക്കെതിരെ നിര്‍ണായക പോരാട്ടം നടത്തുന്ന സമയത്ത്‌ ഇത്തരത്തില്‍ വംശീയ സംഘര്‍ഷം ഉണ്ടാകുന്നത്‌ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ദാരി പറഞ്ഞു. അതേസമയം കലാപകാരികള്‍ക്കിടയിലേയ്ക്ക് താലിബാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :