ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ഹമാസുമായി ചര്‍ച്ച നടത്താനുള്ള സാധ്യത ഇസ്രയേല്‍ തള്ളിക്കളഞ്ഞു. ഹമാസ് ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേലി വിദേശ കാര്യ മന്ത്രി ഷിപി ലിവ്നില് പറഞ്ഞു.
ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീര്‍ഘകാല വെടി നിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ക്ക് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഷിപിയുടെ ഈ പ്രസ്താവന. അടുത്തയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനൊരുങ്ങുകയാണ് ഷിപി ലിവ്നില്.
അതേസമയം ഗാസയില്‍ ഇന്നലെയും ഏറ്റുമുട്ടലുകളുണ്ടായി. റാഫ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു പലസ്തീന് പോരാളി കൊല്ലപ്പെട്ടു. ഈജിപ്ത് അതിര്‍ത്തിയില്‍ ഹമാസ് ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നതെന്ന് കരുതപ്പെടുന്ന തുരങ്കങ്ങളിലും ഇസ്രയേലി സേന ബോംബാക്രമണം നടത്തി. ഞായറാഴ്ച ഇസ്രയേലിന് നേരെ നടന്ന ഒരു ഡസണിലധികം റോക്കറ്റാക്രമണങ്ങള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും തിരിച്ചടിയായിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങള്‍.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പരിഗണിക്കാമെന്ന് ഹമാസ് ഈജിപ്തിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനകം അറിയിക്കുമെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്റി പറഞ്ഞു.