ഹക്കീമുള്ളയുടെ സഹോദരന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA|
പാക് താലിബാന്‍റെ പുതിയ മേധാവി ഹക്കീമുള്ള മെഹ്സൂദിന്‍റെ സഹോദരനടക്കം 15 തീവ്രവാദികള്‍ യുഎസ് വ്യോമസേന നടത്തിയ ഡ്രോണ്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച തെക്കന്‍ വസീറിസ്ഥാനിലെ സരാറോഘയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണ് ഹക്കീമുള്ളയുടെ സഹോദരന്‍ കലീമുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

പാകിസ്ഥാനില്‍ ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, ഹക്കീമുള്ളയുടെ സഹോദരന്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇന്നാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ മേധാവി ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതിന് ശേഷം തീവ്രവാദികള്‍ക്കുണ്ടായ കനത്ത നഷ്ടമാണ് ഇന്നലത്തെ ആക്രമണം.

മെഹ്സൂദിന്‍റെ മരണശേഷം 65 താലിബാന്‍ ഭീകരര്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാക് ഗോത്ര മേഖലകള്‍ ലക്‍ഷ്യമാക്കി 70 തവണ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :