ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ട്: ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (14:54 IST)
അല്‍ക്വൊയ്ദ തലവന്‍ ഒസാമ ബില്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. ബിന്‍ ലാദന്‍ മരിച്ചതായി പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പ്രസ്താവിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഒബാമയുടെ പ്രതികരണം.

മിസോറിയില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ.

ലാദനും കൂട്ടാളികളും അമേരിക്കയ്ക്കുമേല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചാല്‍ അത് തകര്‍ക്കും. രാജ്യത്തിന് നേരെ ഉയര്‍ന്നുവരുന്ന ശക്തികളെ ഇല്ലാതാക്കേണ്ടത് പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ കടമയാണെന്ന് ഒബാമ പറഞ്ഞു. അല്‍ക്വൊയ്ദയും താലിബാനുമടക്കമുള്ള തീവ്രവാദ സംഘടനകള്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. അഫ്ഗാനിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു.

ലാദനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലാദനെ പിടികൂടി നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നത് വരെ തെരച്ചില്‍ തുടരുമെന്നാണ് വിദേശകാര്യ വക്താവ് റോബര്‍ട്ട് വുഡ് അറിയിച്ചത്. അഫ്ഗാന്‍ മലനിരകളില്‍ ലാദന്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അമേരിക്ക അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :