പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ പാക് സുപ്രീംകോടതി അയോഗ്യനാക്കി. ഗിലാനിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി ഇലക്ഷന് കമ്മിഷന് ഉടന്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പാകിസ്ഥാനെ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന വിധിയാണിത്.
ഗിലാനി പ്രധാനമന്ത്രിപദത്തില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് കോടതി വിധിച്ചു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ഏപ്രില്‍ 26-ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു.
ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് ഗിലാനിയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പുനരാരംഭിക്കുന്നതിനായി സ്വിസ്സ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ഗിലാനി തയ്യാറായില്ല. ഇതാണ് കോടതിയലക്ഷ്യക്കേസിലേക്ക് നയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഗിലാനിയെ വിചാരണ ചെയ്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കോടതിയെ ഗിലാനി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തതായും കോടതി വിധിച്ചിരുന്നു.