പാകിസ്ഥാന്‍ തലകുനിക്കില്ല: സര്‍ദാരി

PTI
മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍, പാകിസ്ഥാന് മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനുമുന്നില്‍ രാജ്യം തലകുനിക്കില്ല എന്ന് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി.

ഇന്ത്യ പാകിസ്ഥാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടാക്കാന്‍ ശ്രമിക്കുന്നു എങ്കില്‍ അത് തെറ്റിദ്ധാരണ കാരണമാണ്, പ്രസിഡന്‍റിന്‍റെ വസതിയില്‍ നടന്ന ഒരു വിരുന്നു സല്‍ക്കാരത്തിനിടയിലാണ് സര്‍ദാരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മേഖലയിലെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ദാരി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ കുറ്റക്കാരെന്ന് തെളിയുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്രശ്നം സമാധാനപരമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെ കൈകാര്യം ചെയ്യാനാണ് പാ‍കിസ്ഥാന്‍ ആഗ്രഹിക്കുന്നത്.

യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ വേണ്ട ശ്രമങ്ങളാണ് അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത്. ഭീകരതയ്ക്കെതിരെ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും പാകിസ്ഥാന്‍ തയ്യാറല്ല എന്നും സര്‍ദാരി പറഞ്ഞു.

ഇന്ത്യ, ചൈന, യുഎസ്, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത വിരുന്നിലാണ് സര്‍ദാരി ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ കുറിച്ച് പറഞ്ഞത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സത്യപാല്‍ ശര്‍മ്മയുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇസ്ലാമബാദ്| PRATHAPA CHANDRAN| Last Modified ഞായര്‍, 11 ജനുവരി 2009 (11:03 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :