നോഹയുടെ പേടകം വൃത്താകൃതിയില്‍ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇത്രയും നാള് നോഹയുടെ പേടകം കപ്പലിന്റെ ആകൃതിയിലെന്നാണ് ഐതീഹ്യങ്ങള്‍ സമര്‍ഥിച്ചിരുന്നത്.
ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തില്‍നിന്ന് സര്‍വ്വ ജീവജാലങ്ങളുടെയും മനുഷ്യന്റെയും ഓരോ ജോഡികളെ സംരക്ഷിച്ച ഐതീഹ്യമാണ് നോഹയുടെ പേടകത്തിനുള്ളത്. ഇപ്പോള്‍ പേടകം വൃത്താകൃതിയില്‍ ഉള്ളതാണെന്ന് കണ്ടുപിടിച്ചതായി ഗവേഷകര്‍ വെളിപ്പെടുത്തുകയായിരുന്നു.
മെസ്സപ്പെട്ടോമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖില്‍നിന്ന് കണ്ടെത്തിയ നാലായിരം വര്‍ഷം പഴക്കമുള്ള രേഖയാണ് ഇത് വെളിപ്പെടുത്തുന്നത്. പശ്ചിമേഷ്യയില്‍നിന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ സുപ്രധാന രേഖ ലഭിക്കുന്നത്.
നോഹയുടെ പേടകത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഈ രേഖയിലുണ്ട്. വൃത്താകൃതിയില്‍ നിര്‍മ്മിച്ച കൂറ്റന്‍ പേടകത്തില്‍ എല്ലാ ജീവജാലങ്ങളുടെയും ജോഡികളെ സംരക്ഷിച്ചതെല്ലാം വിശദമായി തന്നെ രേഖയില്‍ പ്രതിപാദിക്കുന്നു. കഴിഞ്ഞ ദിവസം രേഖ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു.
ബ്രിട്ടീഷ് മ്യൂസിയം സൂക്ഷിപ്പുകാരന് ഇര്‍വിങ്ങ് ഫിങ്കലാണ് ക്യൂണിഫോം ലിപിയിലുള്ള വിവരങ്ങള്‍ വിവര്‍ത്തനം ചെയ്തത്. ഇര്‍വിങ്ങ് ഫിങ്കല്‍ ഇത് സംബന്ധിച്ച് ദ ആര്‍ക്ക് ബിഫോര്‍ നോഹ എന്ന പുസ്തകവുമെഴുതി.