ഇസ്ലാമാബാദ്|
WEBDUNIA|
Last Modified ഞായര്‍, 29 മാര്‍ച്ച് 2009 (13:26 IST)
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ട ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. കശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സര്‍ദാരി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുമെന്നും സര്‍ദാരി പറഞ്ഞു. എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. 2004ല്‍ തുടങ്ങിവച്ച സമാധാന ശ്രമങ്ങള്‍ തുടരും. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നതിന് പാകിസ്ഥാന്‍ പൂര്‍ണമായി സഹകരിക്കും.
പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഹിന്ദു, സിഖ് തീര്‍ത്ഥാടകരുടെ സന്ദര്‍ശനത്തിന് കൂടുതല്‍ സൌകര്യങ്ങളൊരുക്കുമെന്നും സര്‍ദാരി പറഞ്ഞു. നേരത്തെ ഇന്ത്യയോട് സ്വീകരിച്ച നിലപാടില്‍ അയവ് വരുത്താന്‍ സര്‍ദാരി തയ്യാറാകുന്നു എന്നാണ് പുതിയ പ്രസ്താവന നല്‍കുന്ന സൂചന.
പ്രതിപക്ഷ നേതാവ് നവാസ് ഷെരീഫുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നും സര്‍ദാരി സൂചന നല്‍കി. പഞ്ചാബ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗവര്‍ണര്‍ ഭരണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. തീവ്രവാദം നേരിടുന്നതിന് അമേരിക്ക പ്രഖ്യാപിച്ച സഹായം പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നതായി സര്‍ദാരി വ്യക്തമാക്കി.