വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ലങ്ക വീണ്ടും തള്ളി

ലണ്ടന്‍| WEBDUNIA|
എല്‍ ടി ടി ഇക്കെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ബ്രിട്ടന്‍റെയും അമേരിക്കയുടെയും നിര്‍ദ്ദേശം ലങ്കന്‍ സര്‍ക്കാര്‍ തള്ളി. എല്‍ ടി ടി ഇക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണെന്നും ചരിത്രവിജയം നേടിയതിന് ശേഷമേ യുദ്ധത്തില്‍ നിന്ന് പിന്‍‌മാറുകയുള്ളൂവെന്നും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്‌സെ വ്യക്തമാക്കി.

പുലികള്‍ക്കെതിരായ പോരാട്ടത്തിന്‍റെ പേരില്‍ സാധാരണക്കാരെ ഉപദ്രവിക്കുന്നു എന്ന പാശ്ചാത്യ ശക്തികളുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രി ഡേവിഡ്‌ മിലിബാന്‍ഡ്‌, ഫ്രാന്‍സ്‌ വിദേശകാര്യമന്ത്രി ബെര്‍ണാര്‍ഡ്‌ കൗച്ചര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ രാജപക്‌സെ നിലപാട്‌ വ്യക്‌തമാക്കിയത്.

അതേസമയം, കീഴടങ്ങാന്‍ തങ്ങള്‍ ഒരിക്കലും തയ്യാറല്ലെന്ന്‌ എല്‍ ടി ടി ഇ നേതൃത്വം അറിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനായി ലങ്കയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എല്‍ ടി ടി ഇ ആഹ്വാനം ചെയ്തിട്ടുണ്ട്. പുലികളുടെ രാഷ്ട്രീയവിഭാഗം മേധാവി ബാലസിംഗം നടേശനാണ് സംഘടനയുടെ നിലപാട്‌ മാധ്യമങ്ങളെ അറിയിച്ചത്‌.

എല്‍ ടി ടി ഇ തമിഴരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ ബാംലസിംഗം തള്ളിക്കളഞ്ഞു. സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ രാജ്യം വിട്ടിട്ടുണ്ടെന്ന ആരോപണത്തേയും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. നേതാക്കള്‍ മാതൃരാജ്യത്ത്‌ സ്വാതന്ത്ര്യസമരം നയിക്കുകയാണെന്നും ബാലസിംഗം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :