യുഎന്‍ നിര്‍ദ്ദേശം: സിറിയ മാരക രാസായുധങ്ങള്‍ നീക്കി തുടങ്ങി

ദമാസ്കസ്| WEBDUNIA|
PRO
PRO
സിറിയയില്‍നിന്ന് രാസായുധം നീക്കണമെന്ന യുഎന്‍ നിര്‍ദ്ദേശത്തിന്റെ ആദ്യപടിയായി മാരക രാസായുധങ്ങള്‍ നിറച്ച ആദ്യ കപ്പല്‍ പുറപ്പെട്ടു. വടക്കന്‍ സിറിയയിലെ തുറമുഖ നഗരമായ ലറ്റാക്കിയയില്‍ നിന്നാണ് ഡാനിഷ് ചരക്ക് കപ്പല്‍ പുറപ്പെട്ടത്.

മസ്റ്റാര്‍ഡ് ഗ്യാസും സരിന്‍ വാതകവും ഉള്‍പ്പടെയുള്ള രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന് അമേരിക്കയും റഷ്യയും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്മതിച്ചിരുന്നു. യുഎന്നിന്റേയും ഒപിസിഡബ്‌ള്യൂവിന്റേയും സംയുക്ത നേതൃത്വത്തിലാണ് രാസായുധ നീക്കം നടപ്പിലാക്കുന്നത്.

ലറ്റാക്കിയയില്‍ അടുത്ത രാസായുധ ചരക്ക് എത്തുന്നത് വരെ കപ്പല്‍ പുറംകടലില്‍ കഴിയും. ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നീ രാജ്യങ്ങളുടെ നാവികസേനയും കപ്പലിന് അകമ്പടി സേവിക്കുന്നുണ്ട്. മാത്രമല്ല ചൈനയും റഷ്യയും ഈ ദൗത്യത്തിന് നാവികസുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

സൈനിക നടപടി ഉണ്ടാകുമെന്ന അമേരിക്കയുടെ ഭീഷണിക്കും റഷ്യയുടെ മധ്യസ്ഥ ചര്‍ച്ചയ്ക്കും മുമ്പില്‍ ഒടുവില്‍ സിറിയയ്ക്ക് വഴങ്ങേണ്ടി വന്നു. സെപ്റ്റംബര്‍ 27ന് അംഗീകരിച്ച സുരക്ഷാ സമിതി പ്രമേയത്തില്‍ 2014 മധ്യത്തോടെ രാസായുധ ശേഖരം പൂര്‍ണമായും നശിപ്പിക്കാമെന്ന് അസദ് ഭരണകൂടം സമ്മതിച്ചിരുന്നു. മാരക രാസായുധങ്ങള്‍ ഡിസംബര്‍ 31 ഓടെ രാജ്യത്ത് നിന്നും നീക്കാമെന്നായിരുന്നു ധാരണ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :