താലിബാന്‍ വീണ്ടും ബണറില്‍

ഇസ്‌ലാമബാദ്| WEBDUNIA|
ആയുധധാരികളായ താലിബാന്‍ തീവ്രവാദികള്‍ വീണ്ടും ബണറില്‍ പ്രവേശിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രവിശ്യയില്‍ നിന്ന് പിന്‍‌മാറുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് താലിബാന്‍റെ ഈ നടപടി. അതേസമയം താലിബാനെതിരെ സൈനിക നടപടിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ മേഖലയില്‍ സൈനിക വിന്യാസം പൂര്‍ത്തിയാകുമെന്ന് ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദികള്‍ ഇസ്‌ലാമബാദിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് പിന്‍‌മാറാന്‍ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പ്രാദേശിക സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് വെള്ളിയാഴ്ച ബണറില്‍ നിന്ന് പിന്‍‌മാറാന്‍ താലിബാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് താലിബാന്‍ നേതാവ് മുല്ല ഫസലുള്ള ബണറില്‍ നിന്ന് പിന്‍‌മാറാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ രാത്രി വീണ്ടും ബണര്‍ ലക്‍ഷ്യമാക്കി താലിബാന്‍ പ്രവര്‍ത്തകര്‍ നീക്കം തുടങ്ങിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് താലിബാനെ നേരിടാന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന. സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയുടെ നേതൃത്വത്തില്‍ കമാന്‍ഡര്‍മാരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് സൈനിക വിന്യാസം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :