കാമുകിയെ കാണാന്‍ ബട്ടന് തിടുക്കം

സിഡ്നി| WEBDUNIA| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (19:09 IST)
PRO
ഫോര്‍മുല വണ്ണില്‍ ഇക്കുറി ചാമ്പ്യനായ ബ്രട്ടീഷ് ഡ്രൈവര്‍ ജെന്‍സന്‍ ബട്ടന് കാമുകിയെ കാണാതെ ഇരിക്കാന്‍ വയ്യെന്നായിരിക്കുന്നു. ചാമ്പ്യന്‍ പട്ടം നേടിയ ശേഷം ബട്ടന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. മോഡല്‍ കൂടിയായ കാമുകി ജെസീക്കാ മിച്ചിബാറ്റയോട് വീട്ടിലേക്ക് പറന്നെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബട്ടന്‍.

ജപ്പാനിലാണ് ജെസീക്ക ഇപ്പോള്‍. ഒരു ഫോട്ടോഷൂട്ടുകൂടി ഉണ്ടെന്നും അത് കഴിഞ്ഞെത്താമെന്നും പറഞ്ഞ് ബട്ടനെ സമാധാനിപ്പിച്ചിരിക്കുകയാണിപ്പോള്‍ താരം. വെള്ളിയാഴ്ച മാത്രമേ ജെസീക്ക തിരിച്ചെത്തുകയുള്ളു. എന്നാല്‍ അതുവരെ കാത്തിരിക്കാന്‍ തനിക്കാകില്ലെന്നാണ് ബട്ടന്‍റെ അഭിപ്രായം. താന്‍ ചാമ്പ്യന്‍ പട്ടമണിയുന്നത് കാണാന്‍ കഴിയാഞ്ഞതില്‍ ജെസീക്കയ്ക്ക് നിരാശയുണ്ടെന്നും ബട്ടന്‍ പറയുന്നു.

ബട്ടന്‍റെ അക്ഷമയ്ക്ക് കാരണങ്ങള്‍ മെനഞ്ഞെടുക്കാനുള്ള തിരക്കിലാണ് അസൂയാലുക്കള്‍. ഫോര്‍മുല വണ്‍ റെയ്സില്‍ പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുകാലത്തേക്ക് ലൈംഗിക ചിന്തകള്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ബട്ടന്‍ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇതാണ് മുഖ്യകാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തീയില്ലാതെ പുകയുണ്ടാകില്ലെന്ന് ബട്ടനും അറിയാം അതുകൊണ്ടായിരിക്കും, ഇത് നിഷേധിക്കാനും ബട്ടന്‍ തയ്യാറായിട്ടില്ല.

ജെസീക്കയുടെ ഇരുപത്തിയഞ്ചാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. എന്തായാലും കാത്തിരിപ്പ് അവസാനിച്ചതില്‍ ബട്ടന് ആശ്വസിക്കാം. ബ്രൌണ്‍ ജിപിയുടെ ഡ്രൈവറാണ് ബട്ടന്‍. ഇരുപത്തിയൊമ്പതുകാരനായ ബട്ടന് ഫോര്‍മുല വണ്ണില്‍ ഇക്കുറി ഒമ്പതാം സീസണ്‍ ആയിരുന്നു. ഇതുവരെ നൂറ്റി അറുപത്തിയൊമ്പതാമത് ഗ്രാന്‍ഡ് പ്രീകളില്‍ ഈ ബ്രട്ടീഷ് ഡ്രൈവര്‍ ഇറങ്ങിയിട്ടുണ്ട്. ആദ്യമായിട്ടാണ് ചാമ്പ്യന്‍പട്ടം നേടുന്നത്. ഏതായാലും ബട്ടന്‍റെയും കാമുകിയുടെയും ഓരോ ചലനവും നിരീക്ഷിച്ച് മാധ്യമസംഘവും കൂ‍ടെയുണ്ടെന്നാണ് കേള്‍വി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :