ഗ്രൌണ്ടില്‍ തുപ്പുന്ന ഫുട്ബോള്‍ കളിക്കാര്‍ ജാഗ്രതൈ!

ലണ്ടന്‍| WEBDUNIA|
PRO
കളിക്കിടെ ഗ്രൌണ്ടില്‍ തുപ്പുന്ന ശീലമുള്ള ഫുട്ബോള്‍ കളിക്കാര്‍ ഇനി മുതല്‍ ജാഗ്രതൈ! പ്രീമിയര്‍ ലീഗ് അധികൃതരും ഫുട്ബോള്‍ അസോസിയേഷനും ഇത്തരക്കാര്‍ക്കെതിരെ വടിയെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. തുപ്പുന്നത് വൃത്തികേടോ, അച്ചടക്ക ലംഘനമോ ആയതുകൊണ്ടല്ല. മാസങ്ങളായി ലോകജനതയുടെ ഉറക്കം കെടുത്തുന്ന പന്നിപ്പനിയാണ് ഇവിടെയും വില്ലന്‍.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലെ കളിക്കാര്‍ക്കുള്‍പ്പെടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് പന്നിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ മാര്‍സില്ലെയും പാരീസ് സെന്‍റ് ജെര്‍മെയ്നുമായുള്ള മത്സരം പന്നിപ്പനി ഭീതിയാല്‍ ഉപേക്ഷിച്ചിരുന്നു. പാരീസ് സെന്‍റ് ജെര്‍മെയ്നിലെ മൂന്ന് കളിക്കാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് കളി ഉപേക്ഷിച്ചത്.

കാര്‍ലിംഗ് കപ്പില്‍ ഏറ്റുമുട്ടാനിരുന്ന ബ്ലാക്ക് ബേണ്‍ ബോള്‍ട്ടന്‍ ക്ലബ്ബുകളിലെ താരങ്ങളും എച്ച് വണ്‍ എന്‍ വണ്‍ ബാധയുടെ ഭീതിയിലാണെന്നാണ് വിവരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം മിഖ റിച്ചാര്‍ഡ്സിനുള്‍പ്പെടെ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ദൃശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മിക്ക ഫുട്ബോള്‍ കളിക്കാരുടെയും ശീലമായ തുപ്പല്‍ വിനോദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബും ഫുട്ബോള്‍ അസോസിയേഷനും പദ്ധതിയിടുന്നത്.

ഗ്രൌണ്ടില്‍ തുപ്പുന്നത് മറ്റുള്ളവരിലേക്കും വൈറസ് ബാധ ഉണ്ടാക്കാനിടയാകുമെന്ന ഉപദേശമാണ് തീരുമാനത്തിന് പിന്നില്‍. കളിക്കാരെ ബോധവത്കരിച്ച് ഈ സ്വഭാവത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ശ്രമം. ഏതായാലും പന്നിപ്പനിയുടെ പേരിലാണെങ്കിലും ഫുട്ബോളിലെ ഈ വൃത്തികെട്ട ശീലം തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാകുന്ന ആശ്വാസത്തിലാണ് ബഹുഭൂരിപക്ഷം ഫുട്ബോള്‍ പ്രേമികളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :