ധര്‍മ്മശാല: ഇന്ത്യയിലെ തിബറ്റ്!

PROPRO
രാഷ്ട്രീയ അധിനിവേശത്തെ തുടര്‍ന്ന അഭയാര്‍ത്ഥികളായ ഒരു ജനതയുടെ അഭയകേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല. തിബറ്റില്‍ ചൈനാ അനുകൂല ഭരണകൂടം നിലവില്‍ വന്നതിനെ തുടര്‍ന്ന പാലായനം ചെയ്ത തിബറ്റന്‍ ബുദ്ധമതതിന്‍റെ അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനം കൂടിയാണ് ധര്‍മ്മശാല.

പ്രവാസ തിബറ്റന്‍ സര്‍ക്കാരിന്‍റെ ആസ്ഥാനമായ ധര്‍മ്മശാലയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും പ്രകൃതിയുടെ വിസ്മയ കാഴ്ചകളോടൊപ്പം അഭയാര്‍ത്ഥി ജീവിതത്തിന്‍റെ നനവുള്ള നേര്‍കാഴ്ചകളും സമ്മാനിക്കും. ഹിമാലയ താഴ്വരയിലെ മക്‌ലിയോഡ് ഗഞ്ജ് അഥവാ അപ്പര്‍ ധര്‍മ്മശാല എന്ന പ്രദേശത്താണ് പ്രവസാ തിബറ്റന്‍ സര്‍ക്കാര്‍ തങ്ങളുടെ ആസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കാങ്ങ്‌ഗ്ര ജില്ലയിലാണ് ധര്‍മ്മശാല.

ജനിച്ച മണ്ണില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നതിന്‍റെ ഓര്‍മ്മകള്‍ പേറുന്ന മുതിര്‍ന്ന തലമുറയെയും തങ്ങള്‍ ഇന്നുവരെ കാണാത്ത ദൂരെയേങ്ങോ ഉള്ള വാഗ്ദത്ത ഭൂമിയെ കുറിച്ചുള്ള പ്രതീക്ഷകളുമായി ജീവിക്കുന്ന യുവതലമുറയെയും ഇവിടെ കാണാനാകും. മഞ്ഞയും ചുവപ്പും നിറമുള്ള നിള്ളന്‍ കുപ്പായങ്ങളുമായി തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ബുദ്ധസന്യാസിമാരാണ് ധര്‍മ്മശാലയുടെ മുഖമുദ്ര.

പ്രവാസ തിബറ്റന്‍ ജനതയുടെ വേദനകള്‍ മറക്കാനെന്നോണം സ്വര്‍ഗതുല്യമായ മായകാഴ്ചകളാണ് പ്രകൃതി ധര്‍മ്മശാലയില്‍ ഒരുക്കിയിരിക്കുന്നത്. ഹിമാലയ പര്‍വ്വതത്തിന്‍റെ ധൌലാധാര്‍ സാനുക്കളുടെ മനോഹര ദൃശ്യവും ഇവിടെ നിന്ന് കാണാനാകും. ചുറ്റുമുള്ള മലനിരകളും ചെറു തടാകങ്ങളും കാനന ദൃശ്യങ്ങളുമൊക്കെ ധര്‍മ്മശാലയുടെ മാറ്റ് കൂട്ടുന്നു.

പരമ്പരാഗത തിബറ്റന്‍ ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന നിരവധി കടകള്‍ ഇവിടെ കാണാനാകും. ഇതിന് പുറമെ തനത് തിബറ്റന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലകളും ഇവിടെയുണ്ട്. ധര്‍മ്മശാലയിലേ പ്രധാന പാത ദലൈലാമയുടെ ക്ഷേത്രമായ നാംഗ്യാല്‍ വിഹാരത്തിലേക്കുള്ളതാണ്. ശ്രീബുദ്ധന്‍റെ കൂറ്റന്‍ പ്രതിമകള്‍ ഉള്ള ഇവിടെ സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥനയില്‍ പങ്ക് ചേരാവുന്നതാണ്.

ഇവിടെ നിന്ന് ഏതാനം കിലോമീറ്ററുകള്‍ അകലെയാണ് പ്രവാസ തിബറ്റന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യാലയങ്ങള്‍. വിശാലമായ ഒരു ഗ്രന്ഥശാലയും ഇവിടെയുണ്ട്. തിബറ്റന്‍ വൈദ്യശാസ്ത്ര കേന്ദ്രമായ മെന്‍ സീ ഘാങ്ങും ഇതിന് സമീപത്ത് തന്നെയാണ്. ഇവിടെ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയാന് തിബറ്റന്‍ സാംസ്കാരിക കേന്ദ്രമായ നോര്‍ബുലിങ്ക ഇന്‍‌സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.

പത്താന്‍‌കോട്ടാണ് ധര്‍മ്മശലയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, അടുത്തുള്ള വിമാനത്താവളം ഗഗ്ഗലും. എയര്‍പോര്‍ട്ടില്‍ നിന്ന് ധര്‍മ്മശാലയിലേക്ക് 13 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. പത്താന്‍കോട്ട് ഇവിടെ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍ ധര്‍മ്മശാല ഡല്‍ഹി, ചണ്ഡീഗഢ്, സിംല തുടങ്ങിയ വന്‍ നഗരങ്ങളുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :