രാജ്യത്തിന്റെ അവസ്ഥയില്‍ മാമ്മന് വിഷമം

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

KE Mamman
WEBDUNIA| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (12:44 IST)
PRO
PRO
ഭാരതം സ്വാന്ത്ര്യത്തിന്‍റെ അറുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര പോരാളി കെ ഇ മാമ്മന്‍ ദു:ഖിതനാണ്‌. ആറു ദശകം പിന്നിട്ട സ്വതന്ത്ര ഭാരതം ഈ ഗാന്ധിയനെ വേദനിപ്പിക്കുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പോരാടിയതും ജീവന്‍ പോലും ത്യാഗം ചെയ്‌ത്‌ ജനലക്ഷങ്ങള്‍ സമരത്തിനിറങ്ങിയതും ഇത്തരമൊരു സ്വാതന്ത്ര്യത്തിന്‌ വേണ്ടിയായിരുന്നോ എന്ന്‌ മാമ്മന്‍ ചോദിക്കുന്നു.

ഒറ്റയാള്‍ സമര മാര്‍ഗങ്ങളിലൂടെ പ്രശസ്തനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ.ഇ മാമ്മന്‌ എണ്‍‌പത്തിയൊമ്പത് വയസുണ്ട്. രാജ്യത്തിന്‍റെ അറുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തോട്‌ വികാരപരമായാണ്‌ അദ്ദേഹം പ്രതികരിക്കുന്നത്‌:

ഞാന്‍ ദു:ഖിതനാണ്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പുള്ള കാലമായിരുന്നു എന്‍റെ ജീവിതത്തിലെ ‘ഹാപ്പിയസ്റ്റ്‌ ഡെയ്‌സ്’‌. അന്ന്‌ ത്യാഗികള്‍ ഉണ്ടായിരുന്നു. സ്വന്തം ജീവിതം കൊണ്ട്‌ പോരാടുന്നവരെ കണ്ടാണ്‌ ഞങ്ങളുടെ തലമുറ വളര്‍ന്നത്‌.

സ്വാതന്ത്ര്യ സമരകാലത്ത്‌ 'അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുതേ' എന്ന് പാടിക്കൊണ്ടാണ് ഞങ്ങള്‍ ബ്രട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ പോയിരുന്നത്. ജീവിതം തന്നെ ത്യാഗം ചെയ്യാന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ തയ്യാറായിരുന്നു.

ഇന്ന്‌ സ്വാതന്ത്ര്യം കിട്ടി അറുപത്തൊന്ന്‌ വര്‍ഷമാകുമ്പോള്‍ രാഷ്ട്രീയത്തില്‍ എത്ര ത്യാഗികള്‍ ഉണ്ടെന്ന്‌ തെരഞ്ഞ്‌നോക്കു. രാഷ്ട്രീയത്തില്‍ എന്നല്ല എങ്ങും ത്യാഗികളെ കാണാനില്ല. രാഷ്‌‌ട്രീയത്തില്‍ വരുന്നത്‌ മന്ത്രിയാകാനും എം എല്‍ എ ആകാനും ആണ്‌. ആര്‍ക്കും രാജ്യത്തെ വേണ്ട. നാടിന്‍റെ ഭാവിയെ കുറിച്ചോര്‍ത്ത്‌ വേദനപ്പെടുന്ന എത്ര രാഷ്ട്രീയക്കാരുണ്ട്‌‌?

ലോകത്തിലെ ഏറ്റവും മികച്ച ഭരണ സാഹചര്യം ആണ്‌ ഇന്ത്യക്ക്‌ ഉള്ളത്‌. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടന, ദശകങ്ങള്‍ പിന്നിട്ട ജനാധിപത്യം. സെക്യുലറിസത്തെയും ഡെമോക്രസിയേയും തുണയ്‌ക്കുന്ന ഭരണഘടന നമുക്കുണ്ട്‌. ഇതൊന്നും ഈ ആധുനിക കാലത്ത്‌ പോലും പലരാജ്യങ്ങളിലും ഇല്ലെന്നോര്‍ക്കണം. അതുകൊണ്ടെല്ലാം എന്തുകാര്യം കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കൊടുത്തതുപോലെ ആയി പോയി എന്നെനിക്ക്‌ തോന്നി പോകുന്നു.

പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നു, ഭരണത്തില്‍ നിറയെ കള്ളന്മാര്‍, ജനങ്ങളുടെ അധികാരത്തെ മാനിക്കാത്ത ഉദ്യോഗസ്ഥര്‍, സ്വന്തം കര്‍ത്തവ്യം മറന്നു പോയ രാഷ്ട്രീയക്കാര്‍ സ്വാന്ത്ര്യം കിട്ടി അറുപതുകൊല്ലം കഴിഞ്ഞ ഇന്ത്യയില്‍ ഇവയൊക്കെയാണ്‌ ഞാന്‍ കാണുന്നത്‌.

എനിക്ക്‌ പ്രവര്‍ത്തിക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന്‌ ഇവിടെ ഉണ്ടോ? ഗാന്ധിയന്മാര്‍ പോലും ഉറങ്ങുകയാണ്‌. മഹാത്മാഗാന്ധി അവസാനം നിമിഷം വരെ കര്‍മ്മനിരതനായിരുന്നു. എന്നാല്‍ നമ്മുടെ ഗാന്ധിയന്മാര്‍ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്‌. സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ മാത്രമുള്ളതായി ഗാന്ധിസം. ഞാന്‍ നിരാശനാണ്‌, ദു:ഖിതനാണ്‌.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :