ആ ത്രിവര്‍ണ പതാകകള്‍ എവിടെ?

സി ഗോപാലകൃഷ്ണന്‍

Independence day
WEBDUNIA| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (12:28 IST)
PRO
PRO
രാജ്യമെങ്ങും സ്വാതന്ത്ര്യത്തിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലും അറുപതു വര്‍ഷമായി തുടരുന്ന ആ ദുരൂഹതയ്ക്ക് ഇനിയും ഉത്തരമായില്ല.

1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രി അടിമത്തത്തിന്‍റെ ഇരുട്ടില്‍ നിന്ന് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്‍റെ വെള്ളിവെളിച്ചത്തിലേയ്ക്ക് കാലൂന്നിയ വേളയില്‍, ഭാരത്തത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി പാര്‍ലമെന്‍റിന്‍റെ സെന്‍‌‌ട്രല്‍ ഹാളില്‍ ഉയര്‍ത്തിയ ആ ത്രിവര്‍ണ്ണ പതാക എവിടെ?.

ഭാരതത്തിലെ അവസാനത്തെ വൈസ്രോയി ലോര്‍ഡ് മൌണ്ട് ബാറ്റണ്‍ അടക്കമുള്ള സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലും പാര്‍ലമെന്‍റിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ദേശസ്നേഹികളുടെ കരഘോഷത്തിന്‍റെയും അകമ്പടിയോടെ ഓഗസ്റ്റ് 15ന് രാവിലെ 8.30ന് ജവഹര്‍ലാല്‍ നെഹ്രു സെന്‍‌‌ട്രല്‍ ഹാളില്‍ ഉയര്‍ത്തിയ ത്രിവര്‍ണ്ണ പതാകയെക്കുറിച്ച് ആ‍ര്‍ക്കും ഒരറിവുമില്ല.

ഇതു തന്നെയാണ് ഓഗസ്റ്റ് 16ന് ചുവപ്പ് കോട്ടയില്‍ ഉയര്‍ത്തിയ ത്രിവര്‍ണ്ണ പതാകയുടെയും വിധി.

ഈ പതാകകള്‍ എവിടെ എന്നതിനെക്കുറിച്ച് ഔദ്യോഗിക രേഖകളിലൊന്നും പരാമര്‍ശമില്ല. പതാകയുണ്ടാവാന്‍ സാധ്യതയുള്ള നാഷണല്‍ മ്യൂസിയത്തിലോ, റെഡ് ഫോര്‍ട്ട് മ്യൂസിയത്തിലോ, ദേശീയ പുരാവസ്തു കേന്ദ്രത്തിലോ, രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തിലോ ഒന്നും ത്രിവര്‍ണ്ണ പതാക കണ്ടെത്താനായിട്ടില്ല. അറുപതാം സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് സംഘടിപ്പിക്കുന്ന സാംസ്കാരിക മന്ത്രാലയത്തിനും ഇതിനെക്കുറിച്ച് യാതൊരറിവുമില്ല.

സ്വാതന്ത്രദിനാഘോഷ ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നത് പ്രതിരോധ മന്ത്രാലയമാണെന്നും അവരാണ് ഈ പതാകകള്‍ തിരഞ്ഞ് കണ്ടു പിടിക്കേണ്ടതെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി അംബികാ സോണി പറയുന്നു. സ്വാതന്ത്രത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷവേളയില്‍ ഈ ത്രിവര്‍ണ്ണ പതാകകള്‍ കണ്ടെത്താനായി പ്രതിരോധ മന്ത്രാലയം ശ്രമിച്ചെങ്കിലും ഒരു തെളിവും ലഭ്യമല്ലാത്തതിനാല്‍ ആയുധംവച്ച് കീഴടങ്ങുകയായിരുന്നു.

ഇതു തന്നെയാണ് രാജ്യത്തെ പ്രധാന മ്യൂസിയങ്ങളുടെയെല്ലാം ചുമതലക്കാര്‍ക്കും പറയാനുള്ളത്. രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിന്‍റെ ചുമതലക്കാരനായ കെ കെ ശര്‍മ്മ പറയുന്നത് ശ്രദ്ധിക്കുക. ‘1966ല്‍ എവറസ്റ്റ് കീഴടക്കിയതിനുശേഷം ടെന്‍സിങ്ങ് എവറസ്റ്റ് കൊടുമുടിയില്‍ നാട്ടിയ കൊടി വരെ മ്യൂസിയത്തിലുണ്ട്. എന്നാല്‍ ദേശസ്നേഹത്തിന്‍റെ പ്രതീകമായ ആ ത്രിവര്‍ണ്ണ പതാകകള്‍ കണ്ടെത്താന്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.‘

വധിക്കപ്പെടുന്നതിന് 19 ദിവസം മുമ്പ് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി എഴുതിയ കത്തുകള്‍ ലേലത്തില്‍വയ്ക്കാന്‍ ബ്രിട്ടണിലെ സ്വകാര്യ ലേല സ്ഥാപനമായ ‘ക്രിസ്റ്റി’ ശ്രമിച്ചപ്പോള്‍ മാത്രമാണ് നാമതറിഞ്ഞത്. അതു പോലെ ആരെങ്കിലും ഈ ത്രിവര്‍ണ്ണ പതാകകള്‍ ലേലത്തില്‍ വയ്ക്കുന്നതുവരെ നമുക്ക് കാ‍ത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :