രാമായണപാരായണം-ഇരുപത്താറാം‌ദിവസം

WEBDUNIA|
.
രാവണന്‍റെ പടപ്പുറപ്പാട

സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണന്‍ കേട്ടു കോപാന്ധനായ്
“ആരെയും പോരിനയയ്ക്കുന്നില്ലിനി
നേരേ പൊരുതു ജയിക്കുന്നതുണ്ടല്ലോ
നമ്മോടുകൂടെയുള്ളോര്‍കള്‍ പോന്നീടുക
നമ്മുടെ തേരും വരുത്തുകയെന്നാനവന്‍.
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരില്‍‌ക്കരേറിനാന്‍.
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം‌‌പൂണ്ട തേരില്‍ക്കരയേറി
മേരുശിഖരങ്ങള്‍പോലെ കിരീടങ്ങള്‍
ഹാരങ്ങളാദിയാഭരണങ്ങളും
പത്തുമുഖവുമിരുപതു കൈകളും
ഹസ്തങ്ങളില്‍ ചാപബാണായുധങ്ങളും
നീലാദ്രിപോലെ നിശാചരനായകന്‍
കോലാഹലത്തോടുകൂടിപുറപ്പെടാന്‍.
ലങ്കയിലുള്ള മഹാരഥന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം
മക്കളും മന്ത്രിമാര്‍ തമ്പികളും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കി വടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തൂടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ-
യൊക്കെപ്പുരോഭുവി കണ്ടു രഘുവരന്‍
മന്ദസ്മിതം‌ചെയ്തു നേത്രാന്തസംജ്ഞയാ-
മന്ദം വിഭീഷണന്‍ തന്നോടരുള്‍ചെയ്തു:
“നല്ല വീരന്മാര്‍ വരുന്നതു കാണെടോ!
ചൊല്‍‌കേണമെന്നോടിവരെ യഥാഗുണം”
എന്നതു കേട്ടു വിഭീഷണന്‍ രാഘവന്‍-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍:
“ബാണചാപത്തോടു ബാലാര്‍ക്കകാന്തിപൂ-
ണ്ടാനക്കഴുത്തില്‍ വരുന്നതകമ്പനന്‍.
സിംഹദ്ധ്വജമ്പൂണ്ട തേരില്‍ക്കരയേറി
സിംഹപരാക്രമന്‍ ബാണചാപത്തോടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനന്‍ നമ്മെ മുന്നം ജയിച്ചാനവന്‍.
ആയോധനത്തിന്നു ബാണചാപങ്ങള്‍ പൂ-
ണ്ടായതമോര്‍ത്തു തേരില്‍ക്കരയേറി
കായം വളര്‍ന്നു വിഭൂഷണംപൂണ്ടതി-
കായന്‍ വരുന്നതു രാവണന്‍‌തന്മകന്‍.
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ-
നുന്നതനേറ്റം മഹോദരന്‍ മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജിസൂരേന്ദ്രന്‍! വിശാലന്‍ നരാന്തകന്‍.
വെള്ളെരുതിന്‍‌മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ.
രാവണന്‍‌തന്മകന്‍ മറ്റേതിനങ്ങേതു
ദേവാന്തകന്‍ തേരില്‍ വരുന്നതു മന്നവ!
കുംഭകര്‍ണ്ണാത്മജന്‍ കുംഭനങ്ങേതവന്‍-
തമ്പി നികുംഭന്‍ പരിഘായുധനല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :