രാമായണ പാരായണം - പന്ത്രണ്ടാം ദിവസം

WEBDUNIA|

വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌.
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ
കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു
മര്‍ക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍
മുഷ്‌ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്‌ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍.
വാനരശ്രേഷനുമോടിയെത്തീടിനാന്‍
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു
വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാന്‍ഃ
"ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍
നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം.
ക്ഷീരം വരികിലസുരന്‍ മരിച്ചീടും
ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ."
ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
പോയിതു കാലമൊരുമാസമെന്നിട്ടു-
മാഗതനായതുമില്ല കപീശ്വരന്‍.
വന്നിതു ചോര വിലമുഖതന്നില്‍നി-
ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും.
അഗ്രജന്‍തന്നെ മായാവി മഹാസുരന്‍
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
ദുഃഖമുള്‍ക്കൊണ്ടു കിഷ്കിന്ധപുക്കീടിനേന്‍;
മര്‍ക്കടവീരരും ദുഃഖിച്ചതുകാലം
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാര്‍
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും
വന്നിതു ബാലി മഹാബലവാന്‍ തദാ.
കല്ലിട്ടു ഞാന്‍ വിലദ്വാരമടച്ചതു
കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും
കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
നീളേ നടന്നുഴന്നീടും ദശാന്തരേ
-ബാലി വരികയില്ലത്ര ശാപത്തിനാല്‍-
ഋശ്യമൂകാചലേ വന്നിരുന്നീടിനേന്‍
വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ!
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭതന്നെയും.
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാന്‍.
ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ-
ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു."
മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തനാം രാഘവന്‍
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, "തവ
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും
വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍;
സത്യമിതു രാമഭാഷിതം കേവലം."
മാനവേന്ദ്രോക്തികള്‍ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍ഃ
"സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ-
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം.
ഇല്ലവനോളം ബലം മറ്റൊരുവനും;
ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം.
ദുന്ദുഭിയാകും മഹാസുരന്‍ വന്നു കി-
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രക്തവും വീണു മതംഗാശ്രമസ്ഥലേ.
'ആശ്രമദോഷം വരുത്തിയ ബാലി പോ-
ന്നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍
കാലപുരി പൂക മദ്വാക്യഗൗരവാല്‍.'
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-
മന്നുതുടങ്ങിയിവിടെ വരുവീല.
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
ദുന്ദുഭിതന്റെ തലയിതു കാണ്‍കൊരു
മന്ദരംപോലെ കിടക്കുന്നതു ഭവാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :