ബലിതര്‍പ്പണം എന്ന ബാധ്യത

ബലിതര്‍പ്പണം
KBJKBJ
തലമുറകളുടെ ചരിത്രാവശേഷിപ്പാണ്‌ ഒരോരുത്തരുടേയും ശരീരം. മരിച്ചുപോയ പിതൃക്കളുടെ അടയാളങ്ങള്‍ പേറുന്നതായിരിക്കും നിങ്ങളുടെ ഭൗതിക ശരീരം. മാനസികമായ പാരമ്പര്യത്തെ എത്രമേല്‍ ധിക്കരിച്ച്‌ മുന്നേറാന്‍ മനുഷ്യന്‌ കഴിയുമെങ്കിലും സ്വന്തം ശരീരത്തില്‍ പതിഞ്ഞു പോയിരിക്കുന്ന പാരമ്പര്യ അടയാളങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ആര്‍ക്കും ആകില്ല.

നമ്മുടെ ശരീരം നമുക്ക്‌ പിന്നിലെ ഒരു വലിയ പരമ്പരയുടെ ബാക്കിയാണ്‌. ഈ ശരീരം കൊണ്ട്‌ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആകട്ടെ അവരുടെ ചെയ്‌തികളുടെ തുടര്‍ച്ചയോ പകരം വീട്ടലോ ആണ്‌. ജനനം മരണം വീണ്ടും ജനനം മരണം എന്നിങ്ങനെ അമ്മയുടെ വയറില്‍ നിന്ന്‌ ഒരോ തവണയും ജീവിതചക്രം ആരംഭിക്കുകയാണ്‌. ഭാരതീയമായ എല്ലാ ചിന്താപദ്ധതിയുടെയും അടിസ്ഥാനവും ഇതാണ്‌.

ഈ പരമ്പരകളെ സ്മരിക്കാനുള്ള അവസരമാണ്‌ ബലിതര്‍പ്പണം. മനുഷ്യരൂപത്തില്‍ ജന്മം തന്നവരോടുള്ള നന്ദിപറച്ചിലാണത്‌. ഒരു മനുഷ്യജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമായി ബലിതര്‍പ്പണം വ്യാഖ്യാനിക്കപ്പെടുന്നു.

ജ്യോതിശാസ്ത്രപ്രകാരം കറുത്തവാവ്‌ ദിവസങ്ങളാണ്‌ പിതൃക്കള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. കര്‍ക്കിടകമാസത്തിലെ കറുത്തവാവില്‍ ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിട രാശിയിലെത്തും. സൂര്യനും അതേ രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ചന്ദ്രമണ്ഡലത്തില്‍ നില്‍ക്കുന്ന പിതൃക്കള്‍ സ്വന്തം സന്തതിപരമ്പരകളെ വീക്ഷിക്കുന്നു എന്നാണ്‌ വിശ്വാസം.

ഭാരതീയര്‍ ഇന്ന്‌ അനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങളെല്ലാം വിശദീകരിക്കുന്നത്‌ വൈദിക ഗ്രന്ഥമായ കല്‍പശാസ്ത്രത്തിലെ പിതൃസൂത്രത്തിലാണ്‌. ആര്‍ക്കും അനുഷ്ഠിക്കാവുന്ന കര്‍മ്മങ്ങളാണ്‌ പിതൃസൂത്രത്തിലുള്ളത്‌.‘പും’ എന്ന നരകത്തില്‍ നിന്നും ‘ത്രാണനം’ ചെയ്യുന്നവന്‍ അഥവാ രക്ഷിക്കുന്നവനാണ്‌ പുത്രന്‍ എന്നാണ്‌ വിവക്ഷ. കഷ്ടപ്പാടുകള്‍ സഹിച്ച്‌ നമ്മെ വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ അന്തിമഘട്ടത്തില്‍ മരണം വരേയും സ്നേഹിക്കുമ്പോഴും സഹായിക്കുമ്പോഴും മാത്രമാണ്‌ മകന്‍ അല്ലെങ്കില്‍ മകള്‍ പുത്രന്‍ അല്ലെങ്കില്‍ പുത്രിയായി മാറുന്നത്‌.

അതുകൊണ്ട്‌ തന്നെ ബലി അര്‍പ്പിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നകാര്യങ്ങള്‍ അന്തരിച്ചുപോയവര്‍ കാണുന്നുണ്ടോ സ്വീകരിക്കുന്നുണ്ടോ എന്ന്‌ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണ്ണമനസോടെ പിതൃക്കളുടെ അനുഗ്രഹത്തിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം.

WEBDUNIA|
സ്വന്തം വേരുകളെ മറക്കാതിരിക്കുക, ജീവിതാവേഗങ്ങള്‍ക്ക് ഇടയിലും ബന്ധങ്ങളിലേക്ക് തിരിഞ്ഞു നോക്കുക അതാണ് നിങ്ങളില്‍ നിന്നും പിതൃക്കള്‍ ആവശ്യപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :