ഇന്ന് മകരവിളക്ക്

WEBDUNIA|
ശബരിമല: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. സന്ധ്യയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. അയ്യപ്പസ്തുതികളുയര്‍ത്തി ലക്ഷങ്ങള്‍ മകരവിളക്കുകാണാന്‍ സന്നിധാനത്തും പമ്പയിലും പരിസരങ്ങളിലുമായി കാത്തുകെട്ടിക്കിടക്കുന്നു.

പകല്‍ 11.55നാണ് മകരരവിസംക്രമം. ഈ സമയത്ത് അയ്യപ്പസ്വാമിക്ക് സംക്രമാഭിഷേകവും സംക്രമപൂജയും നടക്കും. കൊട്ടാരത്തില്‍ നിന്ന് കൊടുത്തുവിടുന്ന പ്രത്യേക നെയ്യാണ് ഈ സമയം ഭഗവാന് അഭിഷേകം ചെയ്യുക.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വ്യാഴാഴ്ച പന്തളത്ത് നിന്നും പുറപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണത്തെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. പ്രധാനപേടകം ശ്രീകോവിലിനുള്ളിലേക്കും മറ്റുരണ്ടു പേടകങ്ങള്‍ മാളികപ്പുറത്തേയ്ക്കും കൊണ്ടുപോകും.

അഭൂതപൂര്‍വ്വമായ തിരക്കാണ് ഇത്തവണ മകരജ്യോതി ദര്‍ശിക്കാന്‍ ശബരിമലയിലുള്ളത്. തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ-നിരീക്ഷണ സംവിധാനമാണ് സംസ്ഥാനപൊലീസും ദേവസ്വംബോര്‍ഡും ഒരുക്കിയിരിക്കുന്നത്.അയ്യപ്പന്‍ പങ്കുകൊള്ളുന്നു എന്നു വിശ്വസിക്കുന്ന പമ്പാ സദ്യയും പമ്പ വിളക്കും ഞായറാഴ്ച നടന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :