രാമായണപാരായണം - പത്താം ദിവസം

WEBDUNIA|

സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പന്‍ ഞാ-
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ."
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്ഠന്‍
മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാന്‍ഃ 1910
"മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വല്‍പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്‌
അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍."


ശബര്യാശ്രമപ്രവേശം


ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം
സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്ചെന്നു
ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍. 1920
സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍.
സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ-
നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്ഘ്യാസനാദികളാലേ
പൂജിച്ചു തല്‍പാദതീര്‍ത്ഥാഭിഷേകവുംചെയ്‌തു
ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍.
പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു
രാജീവനേത്രന്മാരാം രാജനന്ദനന്മാരും.
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ഃ
"ധന്യയായ്‌ വന്നേനഹമിന്നു പുണ്യാതിരേകാല്‍. 1930
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍.
അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
പിന്നെപ്പോയ്‌ ബ്രഹ്‌മപദം പ്രാപിച്ചാരവര്‍കളും.
എന്നോടു ചൊന്നാരവ'രേതുമേ ഖേദിയാതെ
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.
പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ
വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്‌.
നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപ്പോള്‍
നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു. 1940
വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍-
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.
വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം'
വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമല്ലോ.
നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു
നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍.
ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുരുഭൂതന്മാരാം
താപസന്മാര്‍ക്കുപോലും യോഗം വന്നീലയല്ലോ.
ജ്ഞാനമില്ലാത ഹീനജാതിയിലുളള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ. 1950
വാങ്ങ്‌മനോവിഷയമല്ലാതൊരു ഭവദ്രൂപം
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം.
തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊള്‍വാനുമി-
ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!"
രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-
"നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ.
പൂരുഷസ്‌ത്രീജാതീനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും. 1960
തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യയന-
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്ല-
യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്ലീടുവേ-
നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്‌.
മുഖ്യസാധനമല്ലോ സജ്ജജസംഗം, പിന്നെ
മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും
മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം
മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :