ഇന്ന് ശ്രീവരാഹ ജയന്തി

ടി ശശിമോഹന്‍

varahamoorthy
WDWD
2008 ലെ ശ്രീവരാഹ ജയന്തി - അവതാര ദിനം - ഏപ്രില്‍ 25 നാണ്. വിഷ്ണു ഭക്തര്‍ ഈ ദിവസം വ്രതാനുഷ്ഠാനങ്ങളിലൂടെ ആചരിക്കുന്നു.

കേരളത്തിലെ വിരലിലെണ്ണാവുന്ന വരാഹ ക്ഷേത്രങ്ങളില്‍ (അവയിലൊന്ന് തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രമാണ്). പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടക്കും.

ഭൂലോകം സമുദ്രത്തില്‍ താഴ്ത്തിയ ഹിരണ്യാക്ഷനെന്ന അസുരനെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പന്നിയുടെ രൂപം കൈക്കൊണ്ടുവെന്നതാണ് വരാഹാവതാരത്തിനു കാരണം .ഭൂമിയെ രക്ഷിക്കാനായിരുന്നു വിഷ്ണുവിന്‍റെ അവതാരം

വരാഹ മൂര്‍ത്തി ഹൈന്ദവ വേദപുരാണങ്ങളില്‍ എല്ലാം ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ്. വരാഹാവതാരം രണ്ട് തവണ നടന്നു. ഈ കല്‍പത്തില്‍ - ബ്രഹ്മദിനത്തില്‍ - തന്നെ വരാഹമൂര്‍ത്തി രണ്ട് തവണ അവതരിച്ചു. വെളുത്ത വരാഹമായും കറുത്ത വരാഹമായും.

രണ്ട് തവണയും ഭൂമിയുടെ രക്ഷയായിരുന്നു അവതാരോദ്ദേശം. ആദ്യത്തെ അവതാരം ബ്രഹ്മാവിന്‍റെ മൂക്കില്‍ കൂടെ പുറത്തുവന്ന വെളുത്ത പന്നിക്കുട്ടനായിരുന്നു. അന്നും വരാഹം ഭൂമിയെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിച്ചു. അതുകൊണ്ട് ഈ അവതാരത്തെ ശ്വേത വരാഹമെന്നും ഈ കല്‍പത്തെ ശ്വേതവരാഹ കല്‍പമെന്നും പറയുന്നു.

ഭൂമിയെ രക്ഷിക്കാനുള്ള വരാഹത്തിന്‍റെ രണ്ടാം വരവ് കറുപ്പനായാണ്. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പെട്ട വരാഹ മൂര്‍ത്തി ഇതാണ്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയാണ് ഈ മൂര്‍ത്തിയുടെ വരവ്.

ഹിരണ്യാക്ഷന്‍ ഗദ കൊണ്ടു സമുദ്രത്തെ ഇളക്കി മറിച്ചു. വരുണന്‍ വിഷ്ണുവിനോട് സങ്കടമുണര്‍ത്തി. വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനോടടുത്തു. അവന്‍ ഭൂമിയും എടുത്തുകൊണ്ട് പാതാളത്തിലേക്കോടി.

ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ച ഹിരണ്യാക്ഷനെ വരാഹം വകവരുത്തി. ആയിരം കൊല്ലത്തെ യുദ്ധം വേണ്ടിവന്നു ഹിരണ്യാക്ഷനെ തോല്‍പ്പിക്കാന്‍. പിന്നെ ഭൂമിയെ വേണ്ട സ്ഥാനത്ത് യുക്തമായ സഞ്ചാര പഥത്തില്‍ കൊണ്ടുചെന്നാക്കി അവതാര ദൗത്യം പൂര്‍ത്തിയാക്കി.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :