സോമയാഗം പ്രതീകാത്മകം

പരമേശ്വരന്‍, തോട്ടുപുറത്ത് ഇല്ലം

PRO
പ്രതീകാത്മകമാണ് ഓരോ യാഗങ്ങളും. സോമയാഗവും വ്യത്യസ്തമല്ല. യജമാനനെ ജീവാത്മായാണ് ഇവിടെ സങ്കല്‍പ്പിക്കുക. 17 ഋത്വിക്കുകളെ പത്ത് ഇന്ദ്രിയങ്ങളും പഞ്ചപ്രാണങ്ങളും മനസ്സും ബുദ്ധിയുമായി വിവക്ഷിക്കുന്നു. ജീവാത്മാവിന് സര്‍വ്വാത്മഭാവത്തിന്‍റെ കൊടുമുടി കയറാനുള്ള ചവിട്ടുപടിയായിട്ടാണ് സോമയാഗത്തെ കാണേണ്ടത്.

സോമലതയെ, പറിച്ചെടുത്ത് ചുരുട്ടിമടക്കി കല്ലില്‍ വെച്ച് പിഴിഞ്ഞ്, ഇന്ദ്രദേവാദികള്‍ക്ക് സമര്‍പ്പിക്കുകയും, ബാക്കിയുള്ളത് യജമാനന്‍ പാനം ചെയ്യുകയുമാണ് സോമയാഗത്തിലെ ഒരു പ്രധാന ചടങ്ങ്. സോമരസം നിറക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ ഗ്രഹങ്ങളെന്നറിയപ്പെടുന്നു. കണ്ണുമൂടിക്കെട്ടി സോമലതയെ സ്തുതിച്ച ശേഷമാണ് കുത്തിച്ചതച്ച് നീരെടുക്കുന്നത്.

വിഷയരസത്തോടെയുള്ള ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളാണ് പാത്രങ്ങള്‍. അത് മാറ്റി ശുദ്ധമായ ബ്രഹ്മാനന്ദം നിറയ്ക്കുകയാണ് സോമരസമൊഴിക്കുമ്പോള്‍ നടക്കുന്നത്. വിഷയാസക്തനായ ഒരാള്‍ക്ക് ബ്രഹ്മാനന്ദം കണ്ടെത്താനാവില്ലെന്നതാണ് കണ്ണുമൂടിക്കെട്ടുന്നതിലൂടെ പ്രതിരൂപാത്മകമായി പറയുന്നത്.

ആദ്യദിവസങ്ങളില്‍ അഗ്നിയില്‍ നടക്കുന്ന ഹോമാദികള്‍ അന്ത്യദിവസം ജലത്തിലാണ് നടക്കുക. ഭേദബുദ്ധി നശിച്ച ധന്യാത്മാവിന് അഗ്നിയും ജലവും തമ്മില്‍ വിത്യാസമില്ലെന്നാണ് ഇവിടെ വിവക്ഷ. രണ്ടിലും ഉപാസ്യദേവതയെ കാണാനാവുന്നു. ഏകത്വഭാവനയുടെ മൂര്‍ത്തീരൂപമാണിത് പ്രതീകവത്കരിക്കുന്നത്.

യാഗം ആരംഭിച്ചതു മുതല്‍ സൂക്ഷിക്കുന്ന അപൂര്‍വ്വമെന്ന ആജ്യം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് യാഗത്തില്‍ അവസാനത്തേത്. ബ്രഹ്മാനന്ദം അനുഭവിക്കുന്നതോടുകൂടി, ഉണ്ടായിരുന്നതും വരാന്‍ പോവുന്നതുമായ കര്‍മ്മവാസനകള്‍ നശിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

WEBDUNIA|
അരണി കടഞ്ഞുണ്ടാക്കിയ അഗ്നിയെ അതിന്‍റെ പൂര്‍വ്വസ്ഥാനത്തേക്ക് ആവാഹിച്ചശേഷം യാഗശാലക്ക് തീവെക്കുന്നതോടെ യാഗമവസാനിക്കുന്നു. ജീവന്‍ (ദേഹി) ഈശ്വരസാക്ഷാത്കാരം നേടിയാല്‍ പിന്നെ ദേഹത്തിന്‍റെ ആവശ്യമില്ലല്ലോ. പഞ്ചഭൂതാത്മകമായ ശരീരം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :