വാദത്തില്‍ ഭട്ടതിരി ജയിച്ചപ്പോള്‍ ശ്ലോകത്തിന്‍റെ അര്‍ത്ഥം പറയുന്നതിലായി മത്സരം. രഘുവംശം കാവ്യത്തിലെ ആദ്യത്തെ ശ്ലോകത്തിന് അര്‍ത്ഥം പറയാന്‍ ശാസ്ത്രികളോട് ആവശ്യപ്പെട്ടു. ശാസ്ത്രികള്‍ നാലു തരത്തില്‍ ശ്ലോകത്തെ വ്യാഖ്യാനിച്ച് അര്‍ത്ഥം പറഞ്ഞു. ഭട്ടതിരിയാവട്ടെ മറുപടിയായി എട്ടു തരത്തില്‍ അര്‍ത്ഥം നല്‍കി.
ഇതോടെയാണ് ‘ദുഷ്‌കവികളാവുന്ന ആനകളേ ഓടിക്കൊള്ളൂ, എന്തെന്നാല്‍ വേദാന്തമാവുന്ന കാട്ടില്‍ കഴിയുന്ന ഉദ്ദണ്ഡനാവുന്ന സിംഹമിതാ വന്നു കഴിഞ്ഞു എന്ന ഔദ്ധത്യത്തോടെ രേവതി പട്ടത്താനത്തിനു വന്നിരുന്ന ശാസ്ത്രികള്‍ തോറ്റുമടങ്ങിയത്.
പിന്നീട് പലതവണയും ശാസ്ത്രികളും ഭട്ടതിരിയും ഏറ്റുമുട്ടിയപ്പോഴും ഭട്ടതിരിക്ക് മടങ്ങേണ്ടി വന്നിട്ടില്ല. പിന്നീട് ഇവര്‍ തമ്മിലുള്ള വാദ പ്രതിവാദങ്ങളില്‍ കുറേശ്ശെ അശ്ലീലവും അസഭ്യവും കയറി വന്നതായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ പറയുന്നുണ്ട്.
രേവതീ പട്ടത്താനത്തിലെ എല്ലാ കിഴിയും കാക്കശ്ശേരി ഭട്ടതിരി പതിവായി വാങ്ങിത്തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടുവന്ന നമ്പൂതിരിമാര്‍ക്കും അസൂയയും കുശുമ്പും വര്‍ദ്ധിച്ചു.
ഇയാളെ എങ്ങനെ ഒഴിവാക്കാം എന്നവര്‍ ചിന്തിച്ചു. അതു മനസ്സില്‍ വച്ച് അവര്‍ ചോദിച്ചു,
‘ആപദി കിം കരണീയം” (ആപത്തില്‍ എന്താണു ചെയ്യേണ്ടത്). ഭട്ടതിരി മറുപടി പറഞ്ഞു, സ്മരണീയം ചരണയുഗളമംബായാം ( ദേവിയുടെ പാദങ്ങളെ സ്മരിക്കണം).
ബ്രാഹ്മണര്‍, ‘തല്‍സ്മരണം കിം കുരുതേ?’ (അങ്ങനെ സ്മരിക്കുന്നതു കൊണ്ട് എന്തുണ്ടാവും). ‘ബ്രഹ്മാദിനപി ച കിം കരികുരുതേ’ (ബ്രഹ്മാവു മുതലായവരെ കൂടിയും ഭൃത്യന്‍മാരാക്കി തീര്‍ക്കും)
എന്നായിരുന്നു ഭട്ടതിരിയുടെ മറുപടി. ഉടനേ ബ്രാഹ്മണര്‍ പത്മമിട്ട് ഭഗവതിയെ പൂജിക്കുകയും 41 ദിവസത്തെ ഭഗവതി സേവയ്ക്കൊടുവില്‍ ഭട്ടതിരി അവിടെയെത്തി വെള്ളം വാങ്ങിക്കുടിച്ച് എങ്ങോ മറയുകയും ചെയ്തു എന്നുമാണ് കരുതുന്നത്.