പടയണിക്കോലങ്ങള്‍

ചങ്ങനാശ്ശേരി| WEBDUNIA|
കാലന്‍കോലം

മാര്‍ക്കണ്ഡേയ ചരിത്രമാണ് കാലന്‍കോലം തുള്ളുന്ന പാട്ടിന്‍റെ ഇതിവൃത്തം. കാലന്‍ കോലത്തിന്‍റെ തളരാത്ത കായബലവും ചടുലതയും മേളത്തിന്‍റെയും ആര്‍പ്പിന്‍റെയും അകമ്പടിയും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുക.

നെഞ്ചുമാലയും അരമാലയും ധരിച്ച് മുഖമാകെ എണ്ണയില്‍ ചാലിച്ച കരി പൂശി തലയില്‍ കിരീടം പോലെ കോലം ധരിച്ച് വലം കൈയില്‍ വാളും ഇടം കൈയില്‍ പന്തവും പാശവുമായാണ് കാലന്‍ കോലം കളത്തിലെത്തുക.

പടയണിയിലെ തുള്ളല്‍ സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കിയ കലാകാരന്മാരാണ് കാലന്‍ കോലം തുള്ളുക. കലാകാരന്‍റെ അഭ്യാസപാടവവും അനുപമമായ കലാബോധവും സവിശേഷമായ കായശേഷിയും കാലന്‍ കോലത്തില്‍ ഒന്നിക്കുന്നു.

ദ്രുതചലനത്തിന്‍റെ ശക്തിയില്‍ പന്തം അണയാനിടവന്നാല്‍ രണ്ടാം വേഷക്കാരന്‍ കത്തിച്ചുകൊടുക്കും. രണ്ടാം വേഷക്കാരന്‍ കാലം കോലത്തിന്‍റെ അരപ്പട്ടയില്‍ പുറകില്‍ നിന്ന് പിടിച്ചിരിക്കും. പന്തത്തിന് വേണ്ടി കാലന്‍ കോലവും രണ്ടാം വേഷക്കാരനുമായി ബലപ്രയോഗം നടത്തുന്നതും കാണാം.

തുള്ളലിനവസാനം കാലപാശം വിട്ടൊഴിയുന്നു എന്ന സങ്കല്‍പ്പത്തില്‍ ഉറഞ്ഞു വീഴുന്ന വേഷക്കാരനെ കോലമഴിച്ചുമാറ്റി എടുത്തുകൊണ്ടു പോവുന്നു.

മാടന്‍കോലം

നിഴല്‍ നോക്കി അടിച്ചു കൊല്ലുന്ന ദുര്‍ദേവതയാണ് മാടനെന്നാണ് സങ്കല്‍പ്പം. ഒറ്റപ്പാളയില്‍ തീര്‍ത്ത മുഖാവരണവും നെഞ്ചുമാലയുമാണ് മാടന്‍ കോലത്തിന്‍റെ വേഷം. തൊപ്പി മാടന്‍, വടിമാടന്‍, ചുടലമാടന്‍, കാലമാടന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന മാടന്‍ കോലങ്ങളുണ്ട്.

തൊപ്പിമാടന് തൊപ്പിയുണ്ടായിരിക്കും. വടി മാടന് വടിയും. ഇടതുകൈ കിളത്തി മുന്നോട്ടും വലതു കൈ പിന്നോക്കമാക്കി മുന്നോക്കം വച്ചും ഇടയിലൂടെ പിടലിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന വടി ബലപ്പെടുത്തി ആകാശത്തേക്ക് നോക്കിക്കൊണ്ടാണ് മാടന്‍ കോലം തുള്ളുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :