കളിയുടെ അവസാനം ക്ഷേത്രസന്നിധിയില്‍ കളിക്കാര്‍ കൂട്ടമായി വട്ടക്കളി കളിച്ച് സന്തോഷിച്ച് പിരിയുന്നതാണ് ഈ ചടങ്ങ്. ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറുംകുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ കഴിവിനും സൌകര്യത്തിനും അനുസരിച്ച് ഉപയോഗിക്കാറുണ്ട്.
രാത്രി ഒമ്പത് മണിമുതല്‍ പുലരും വരെ ചിലപ്പോള്‍ കണ്ണ്യാര്‍കളി നടന്നേക്കാം. കണ്ണ്യാര്‍കളി നാലു ദിവസമായി നടത്തുകയാണ് പതിവ്. ഒന്നാം ദിവസം ഇറവക്കളി, രണ്ടാം ദിവസം ആണ്ടിക്കൂത്ത്, മൂന്നാം ദിവസം വള്ളോന്‍, നാലാം ദിവസം മലമക്കളി. മലമക്കളി മലവര്‍ഗ്ഗക്കാരാണ് അവതരിപ്പിക്കുക.
ക്ഷേത്രാങ്കണത്തില്‍ പന്തല്‍ കെട്ടി കുരുത്തോല കൊണ്ട് അലങ്കരിച്ച് നിലവിളക്ക് കൊളുത്തി അതിനു ചുറ്റും നിന്നുകൊണ്ടാണ് കളി. നാലുവശത്തും തൂക്കുവിളക്കുകള്‍ ഉണ്ടാവും. കാലം മാറിയതോടെ പുതിയ ദീപവിതാനങ്ങളും ഇപ്പോള്‍ ഉണ്ടാവാറുണ്ട്.
കുളിച്ച് ചന്ദനം പൂശി, പാവുമുണ്ടുടുത്ത് തലയില്‍ കസവ് മുണ്ട് കെട്ടിയാണ് വട്ടക്കളിക്ക് ഒരുങ്ങുന്നത്. പുറാട്ടുകള്‍ക്കാവട്ടെ അതത് സമുദായക്കാരുടെ വേഷമാണ് പതിവ്.
സ്ത്രീ വേഷങ്ങള്‍ക്ക് മാത്രം മുഖം അല്‍പ്പം മിനുക്കിയെടുക്കും. വേഷവിധാനങ്ങള്‍ക്ക് പാലക്കാടന്‍ ഭാഷയില്‍ പൂശാരി എന്നാണ് പറയുക. കുറത്തി, മണ്ണാത്തി, തുടിച്ചി, ചെറുമി എന്നീ സ്ത്രീവേഷങ്ങള്‍ക്ക് ചെറിയ തോതില്‍ വസ്ത്രധാരണത്തിന് വ്യത്യാസം കാണാം.
പൂശാരി, മലങ്കന്‍, കുറവന്‍, ചക്കിലിയന്‍, പറയന് എന്നിവയാണ് കണ്ണ്യാര്‍കളിയിലെ മുഖ്യ വേഷങ്ങള്‍. കഴുത്തില്‍ പാശിമാലകളോ സ്വര്‍ണ്ണാഭരണങ്ങളോ ഉണ്ടാവും. ചിലപ്പോള്‍ കൈവളകളും ധരിക്കാറുണ്ട്. കെ.പി.ഭാസ്കരമേനോന്‍, എം.കെ.വിശ്വനാഥന്, പി.പത്മനാഭന് നായര്‍ മുന്‍കാലത്തെ അറിയപ്പെടുന്ന കണ്ണ്യാര്‍കളി കലാകാരന്മാരാണ്.