അനുബന്ധ വാര്‍ത്തകള്‍
തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു
ഭക്ഷണകാര്യത്തിലെ ഈ അശ്രദ്ധ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
മാറിയ കാലത്ത് ആളുകള്‍ അവരുടെ ജോലിയുടെയും മറ്റും സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരും തിരക്കിട്ട് ഭക്ഷണം കഴിച്ച് മതിയാക്കുന്നവരും രാത്രി ഏറെ വൈകി കഴിക്കുന്നവരും ഇന്ന് ഏറെയാണ്. അതായത് കൃത്യമായ സമയനിഷ്ടയില്ലാതെയാണ് നമ്മളില്‍ പലരും ഭക്ഷണം കഴിക്കുന്നത്. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്.
ഭക്ഷണകാര്യത്തിലെ ഈ അശ്രദ്ധ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുക, ഉച്ചഭക്ഷണം തിരക്കില്‍ കഴിക്കുക, രാത്രി വൈകി അത്താഴം കഴിക്കുക - ഇവ നമ്മുടെ ശരീരത്തിലെ സര്‍ക്കാഡിയന്‍ താളത്തെ തകിടം മറിക്കുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ ദോഷകരമായി ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത് പ്രീ-ഡയബറ്റിസ്, ഫാറ്റി ലിവര്‍, അനാവശ്യ ശരീരഭാരം എന്നിവയ്ക്ക് കാരണമാകും.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍, അടുത്ത തവണ കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാര കുത്തനെ ഉയരുന്നു. വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശരീരം ഗ്ലൂക്കോസ് കൈകാര്യം ചെയ്യാന്‍ രാത്രി നേരം അധ്വാനിക്കേണ്ടി വരുന്നുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്നി ഡിസീസസ് നടത്തിയ ഗവേഷണം സ്ഥിരീകരിക്കുന്നത്, നേരത്തെ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ ശേഷി മെച്ചപ്പെടുത്തുന്നു എന്നും പഠനം പറയുന്നു.
കരളിന്റെ കാര്യത്തിലും ഭക്ഷണ സമയം നിര്‍ണായകമാണ്. വൈകി കഴിക്കുന്ന ഭക്ഷണം, വിശ്രമം ആവശ്യമുള്ള സമയത്ത് കരളിനെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ഇത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവര്‍ക്കുപോലും ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. അതുപോലെ, ഒരേ കലോറി കഴിക്കുന്ന രണ്ടുപേരില്‍, വൈകി ഭക്ഷണം കഴിക്കുന്നയാള്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ സംഭരിക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ഉറക്കമുണര്‍ന്ന് ഒന്നുരണ്ട് മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുക. ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം പൂര്‍ത്തിയാക്കുക. രാത്രി ലഘുഭക്ഷണം മാത്രം കഴിക്കുക. ശരിയായ സമയത്ത് കഴിക്കാന്‍ ശ്രമിക്കുക എന്നീ നിര്‍ദേശങ്ങളാണ് ഇതിനെല്ലാം പരിഹാരമായി ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.