അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജനുവരി 2026 (10:13 IST)
ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഹൃദയാരോഗ്യ കേസുകളില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് ഹൃദ്രോഗം ബാധിക്കുന്നതിനേക്കാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പുരുഷന്മാരില്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് ഉണ്ടാകുന്നതായാണ് കണ്ടെത്തല്‍. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അത്യാവശ്യമെന്ന് പഠനങ്ങള്‍ അടിവരയിടുന്നു. ജോര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ലഭ്യമായ മെഡിക്കല്‍ ഡാറ്റകള്‍ വിശകലനം ചെയ്ത വിദഗ്ദ്ധര്‍
പുരുഷന്മാരില്‍ ഹൃദ്രോഗലക്ഷണങ്ങള്‍ ശരാശരി 10 വര്‍ഷം മുന്‍പേ കണ്ടുതുടങ്ങുന്നു എന്ന നിരീക്ഷണമാണ് രേഖപ്പെടുത്തിയത്. സ്ത്രീകളില്‍ സ്വാഭാവികമായുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍, ആര്‍ത്തവവിരാമം എന്നിവയാണ് ഹൃദ്രോഗസാധ്യതകളെ തടയുന്നത്. രക്തക്കുഴലുകളുടെ ഇലാസ്തികത നിലനിര്‍ത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സ്ത്രീകളെ സഹായിക്കുന്നു.
ഇതിന് പുറമെ ജീവിതശൈലി ഘടകങ്ങള്‍ , പുകയില, മദ്യപാനം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയും പുരുഷന്മാരെ കൂടുതല്‍ ബാധിക്കുന്നു. പുരുഷന്മാരില്‍ 30-കളില്‍ തന്നെ ധമനികളിലെ തടസ്സങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്നുണ്ട്. ഹൃദയാഘാതം സംഭവിക്കുന്നത് പെട്ടെന്നാണെങ്കിലും, അതിന്റെ കാരണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ശരീരത്തില്‍ രൂപപ്പെടുന്നു.
കൃത്യമായ ഇടവേളകളിലുള്ള മെഡിക്കല്‍ പരിശോധന, ട്രാന്‍സ്ഫാറ്റുകളും അമിതമായ ഉപ്പും ഒഴിവാക്കിയുള്ള ഭക്ഷണക്രമം. കൃത്യമായ വ്യായാമം, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവയാണ് ഹൃദ്രോഗസാധ്യതകള്‍ തടഞ്ഞുനിര്‍ത്താനുള്ള മാര്‍ഗങ്ങളായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.