പട്ടി കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ടത്

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (10:20 IST)

തെരുവുനായ്ക്കള്‍ കേരളത്തിലെ വലിയ സാമൂഹ്യപ്രശ്‌നമാണ്. വീട്ടിലെ നായ്ക്കളുടെ കടിയോ മാന്തോ കിട്ടിയാലും അതിനെ നിസാരമായി കാണരുത്. തെരുവ് നായ്ക്കളില്‍ മാത്രമല്ല പേവിഷബാധയ്ക്ക് സാധ്യതയുള്ളത്. വീട്ടില്‍ വളര്‍ത്തുന്ന നായയിലൂടെയും പേവിഷബാധ മനുഷ്യരിലേക്ക് പകരും. മരണം വരെ സംഭവിക്കാവുന്ന ഗുരുതര പ്രശ്‌നമാണ് ഇത്.

വീട്ടിലെ നായ ആണെങ്കിലും തെരുവ് നായ ആണെങ്കിലും ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. മുറിവ് എന്നു പറയുമ്പോള്‍ അത് ആഴത്തില്‍ തന്നെ ആകണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും.

മുറിവ് വൃത്തിയാക്കി കഴിഞ്ഞാല്‍ കടിയേറ്റ വ്യക്തിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കണം. ചെറിയ മുറിവ് ആണെങ്കിലും വൈദ്യസഹായം തേടാന്‍ ഉപേക്ഷ കാണിക്കരുത്. നായയുടെ കടിയേറ്റാല്‍ വൈദ്യസഹായം തേടാന്‍ വൈകിയാല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. തെരുവു നായ ആണെങ്കില്‍ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവന്‍ ഡോസ് കുത്തിവയ്പും എടുക്കണം. വീട്ടിലെ നായയോ തെരുവ് നായയോ ആണെങ്കിലും എത്രയും പെട്ടെന്നു വാക്‌സിനേഷന്‍ എടുക്കണം. വീട്ടിലെ നായയാണ് കടിച്ചതെന്ന് പറഞ്ഞ് വാക്‌സിനേഷന്‍ എടുക്കാതിരിക്കരുത്. ഗര്‍ഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കണം. വീട്ടിലെ നായകള്‍ക്ക് കൃത്യമായ സമയത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കാനും ശ്രദ്ധിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :