കർക്കിടക ചികിത്സ: മഴക്കാലത്ത് ശരീരം പുനരുജ്ജീവിപ്പിക്കേണ്ടതെന്തിന്? ആയുർവേദം പറയുന്ന ശാസ്ത്രവും ജീവിതശൈലിയും
മലയാള മാസങ്ങളില്‍ ഏറ്റവും പ്രത്യേകതയുള്ള മാസമാണ് കര്‍ക്കിടകം. കനത്ത മഴയും ഉയര്‍ന്ന ഈര്‍പ്പവും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തില്‍ കര്‍ക്കിടകത്തെ ചികിത്സയുടെയും പുനരുജ്ജീവനത്തിന്റെയും മാസമായി കണക്കാക്കുന്നത്. ഇന്ന് കേരളത്തിലെ നിരവധി ആയുര്‍വേദ ആശുപത്രികളും ചികിത്സാകേന്ദ്രങ്ങളും കര്‍ക്കിടക ചികിത്സയെ ആരോഗ്യസംരക്ഷണത്തിനുള്ള സമഗ്ര സമീപനമായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, കര്‍ക്കിടക ചികിത്സ വെറും ഒരു സീസണല്‍ ട്രെന്‍ഡല്ല. ശരീരത്തിന്റെ ദഹനശേഷി, പേശികളുടെ പ്രവര്‍ത്തനം, സന്ധികളുടെ ആരോഗ്യം, പ്രതിരോധശേഷി എന്നിവയെ മുന്‍നിര്‍ത്തിയുള്ള ഒരു ചികിത്സാ-ജീവിതശൈലി സംയോജനമാണ് ഇത്.
എന്തുകൊണ്ടാണ് കര്‍ക്കിടകം ചികിത്സയ്ക്ക് അനുയോജ്യമായ മാസമാകുന്നത്
ആയുര്‍വേദം മനുഷ്യശരീരത്തെ പ്രകൃതിയുമായി ചേര്‍ത്താണ് കാണുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുകയും താപനില കുറയുകയും ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ ആരോഗ്യവും താരതമ്യേന ക്ഷയിക്കുമെന്നാണ് ആയുര്‍വേദത്തിന്റെ വിശദീകരണം. ഇതുമൂലം ക്ഷീണം, ശരീരവേദന, സന്ധിവേദന, ദഹനപ്രശ്‌നങ്ങള്‍, അലര്‍ജി, ചര്‍മ്മപ്രശ്‌നങ്ങള്‍ തുടങ്ങിയവ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ ശരീരത്തെ ശുദ്ധീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുമെന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്.
കര്‍ക്കിടക ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍
കര്‍ക്കിടക ചികിത്സയുടെ ഉദ്ദേശ്യം രോഗം വന്നാല്‍ മാത്രം ചികിത്സിക്കുക എന്നതല്ല. ആരോഗ്യത്തെ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കുകയാണ് എന്നതാണ്. ദഹനശേഷി മെച്ചപ്പെടുത്തുക, ശരീരത്തിന് പുതുജീവന്‍ നല്‍കുക, പ്രതിരോധ ശേഷി മെച്ചപ്പെടുത്തുക എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ ഓരോ വ്യക്തിയുടെയും ആരോഗ്യനില, പ്രായം, രോഗാവസ്ഥ എന്നിവ വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കേണ്ടത്. പിഴിച്ചില്‍, നവരക്കിഴി, ധാര, പഞ്ചകര്‍മ തുടങ്ങി ഒരുപാട് ചികിത്സകളും ഔഷധകഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി ഈ കാലത്ത് ആളുകള്‍ കഴിക്കുന്നതും പതിവാണ്. ഔഷധസസ്യങ്ങള്‍, നവധാന്യങ്ങള്‍, ഉലുവ, ജീരകം, കുരുമുളക്, ഇഞ്ചി തുടങ്ങിയ ചേരുവകള്‍ ഉള്‍പ്പെടുത്തിയാണ് കര്‍ക്കടക കഞ്ഞി തയ്യാറാക്കുന്നത്. ദഹനത്തെ പിന്തുണയ്ക്കാനും ശരീരത്തിന് പോഷകങ്ങള്‍ നല്‍കാനും സഹായിക്കുന്ന പരമ്പരാഗത ഭക്ഷണമാണിത്.