പൊന്നോമന നന്നാവാന്‍ പാലൂട്ടല്‍

PRATHAPA CHANDRAN|
പിഞ്ചിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്ന് ഇനി അമ്മമാര്‍ ഒഴിഞ്ഞു മാറിയേക്കില്ല. തന്‍റെ കുഞ്ഞ് എല്ലാത്തിലും മുമ്പിലെത്തണം എന്ന് ആഗ്രഹിക്കാത്ത അമ്മമാര്‍ കാണില്ല എന്നത് തന്നെ ഇതിനു കാരണം.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് അമ്മയുമായുള്ള ബന്ധം ദൃഡമാക്കുക മാത്രമല്ല അതുവഴി കുഞ്ഞിന്‍റെ സ്വഭാവത്തെയും രൂപപ്പെടുത്തുമെന്നാണ് പുതിയ കണ്ടെത്തല്‍. ലണ്ടനിലെ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റൂട്ട് പുറത്തുവിട്ട പഠനത്തിലാണ് മുലപ്പാലിന്‍റെ മധുരമുള്ള ഈ വിവരം പുറത്ത് വന്നത്.

ആറ് മാസമെങ്കിലും മുലപ്പാല്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് പാല്‍ക്കുപ്പി ഉപയോഗിച്ച് പാലൂട്ടിയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവും പഠനപരമായ കഴിവുകളും ഉണ്ടെന്ന് ഗവേഷക സംഘത്തെ നയിച്ച ഡോ. ലെസ്‌ലി ഗട്മാന്‍ പറയുന്നു. പഠനത്തില്‍ 1,136 അമ്മമാരെയാണ് ഉള്‍പ്പെടുത്തിയത്.

മുലയൂട്ടുന്ന അമ്മമാരും അവരുടെ കുട്ടികളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമായിരിക്കും നിലനില്‍ക്കുക. എന്നാല്‍, മുലയൂട്ടല്‍ പെട്ടെന്ന് നിര്‍ത്തുന്ന അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ആശയവിനിമയം അത്ര ആഴത്തിലുള്ളതായിരിക്കില്ല എന്നും പഠനത്തില്‍ പറയുന്നു.

വരുമാനം കുറഞ്ഞ അമ്മമാരാണ് മുലയൂട്ടല്‍ പെട്ടെന്ന് നിര്‍ത്തുന്നതെന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അതായത്, സാമ്പത്തികമായുള്ള ഞെരുക്കം കാരണം അവര്‍ പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത് മുലയൂട്ടലിനു വിരാമമിടുന്നത്രേ.

എന്തായാലും കഴിവും മാതൃസ്നേഹവും ഒത്തിണങ്ങിയ കുട്ടികള്‍ക്കായി ഇനി പ്രാര്‍ത്ഥന മാത്രമല്ല മുലയൂട്ടലും വേണമെന്ന് ചെറുപ്പക്കാരികളായ അമ്മമാര്‍ക്ക് മനസ്സിലായില്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :