അമ്മയുടെ ഉയരവും കുഞ്ഞിന്‍റെ ആയുസും

WEBDUNIA| Last Modified ബുധന്‍, 22 ഏപ്രില്‍ 2009 (20:10 IST)
മരുമകളാകാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് ഉയരം വേണമെന്ന് ഏതെങ്കിലും അമ്മായിയമ്മ പറഞ്ഞാല്‍ ഇനി ആരും മൂക്കത്ത് വിരല്‍ വയ്ക്കേണ്ടതില്ല. കാരണം, ഉയരമില്ലാത്ത അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ആയുസ് കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ചിക്കാഗോ ഹാര്‍വാര്‍ഡ് പബ്ലിക് ഹെല്‍ത്ത് സ്കൂളിലെ അധ്യാപകനായ എസ് വി സുബ്രഹ്മണ്യന്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പൊക്കം കുറവാ‍യ സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ അഞ്ചു വയസ്സിനുള്ളില്‍ മരിക്കാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

അമ്പതിനായിരം കുട്ടികള്‍ക്കിടയിലാണ് ഇവര്‍ പഠനം നടത്തിയത്. പഠനത്തില്‍ 57 ഇഞ്ചില്‍ കുറവ് പൊക്കമുള്ള സ്ത്രീകള്‍ക്ക് ഉണ്ടായ കുട്ടികളില്‍, പൊക്കം കൂടിയ സ്ത്രീകളിലുണ്ടായ കുട്ടികളേക്കാള്‍ മരണ നിരക്ക് 70% കൂടുതലാണ്.

പൊക്കം കുറവുള്ള സ്ത്രീകള്‍ക്ക് ആരോഗ്യവും കുറവായിരിക്കും എന്നതാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാ‍ട്ടുന്നത്. പൊക്കം കുറവുള്ള സ്ത്രീകളുടെ ഗര്‍ഭപാത്രം ചെറുതായിരിക്കും. അതിനാല്‍, ഇവരുടെ ഗര്‍ഭകാലം മറ്റുള്ളവരെ അപേക്ഷിച്ച് വിഷമതകളേറിയതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവരുടെ ജേര്‍ണലില്‍ കഴിഞ്ഞ ആഴ്ച ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍, 2006ല്‍ ഇന്ത്യയില്‍ അഞ്ചു വയസിനു താഴെയുള്ള രണ്ടു മില്യണിലധികം കുട്ടികള്‍ മരിച്ചതായി കണക്കാക്കുന്നു.

ഇത്രയധികം ശിശുമരണങ്ങള്‍ ലോകത്തെവിടെയും നടക്കാറില്ല. ലോകത്തില്‍ ആകെ നടക്കുന്ന ശിശുമരണത്തിന്‍റെ നാലിലൊന്ന് നടക്കുന്നത് ഇന്ത്യയിലാണെന്നാണ് യു എന്നിന്‍റെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :