World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

ഓരോ സ്ത്രീയും സ്വന്തം ആരോഗ്യത്തിന്റെ സംരക്ഷകയാകണം. നേരത്തെ കണ്ടെത്തല്‍ ജീവന്‍ രക്ഷിക്കുന്നു

World Cancer Day
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (12:52 IST)
ഫെബ്രുവരി 4 ന്
ലോകം കാന്‍സര്‍ ദിനമായി ആചരിക്കുകയാണ്.ഓരോ കാന്‍സര്‍ യാത്രയും വ്യക്തിപരമാണെങ്കിലും നേരത്തെ കണ്ടെത്തലാണ് പ്രധാനമെന്ന സന്ദേശമാണ് ഇന്ന് ലോക കാന്‍സര്‍ ദിനം നല്‍കുന്നത്. ഇതില്‍ തന്നെ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദമാണ് ഏറ്റവുമധികമായി കാണപ്പെടുന്ന ഒന്ന്. ഇന്ത്യയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമെ സ്തനാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയുന്നത് എന്നാണ് ജെഎഎംഎ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പഠനത്തില്‍ പറയുന്നത്.


സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

സ്തനത്തിലോ കക്ഷത്തിലോ വേദനയില്ലാത്ത മുഴ
സ്തനത്തിന്റെ കട്ടിയാകല്‍ അല്ലെങ്കില്‍ വീക്കം
ചര്‍മത്തില്‍ കുഴികള്‍ പോലെ കാണപ്പെടല്‍
മുലക്കണ്ണില്‍ നിന്നുള്ള അസാധാരണ സ്രവം
സ്തനത്തിന്റെ വലുപ്പത്തിലോ രൂപത്തിലോ പെട്ടെന്നുള്ള മാറ്റം

എങ്ങനെ സ്വയം പരിശോധിക്കാം

മാസത്തിലൊരിക്കല്‍ സ്വയം പരിശോധന നടത്തേണ്ടത് ആദ്യഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ പ്രധാനമാണ്.ആര്‍ത്തവത്തിനുശേഷമാണ് ഏറ്റവും അനുയോജ്യമായ സമയം. ആര്‍ത്തവം അവസാനിച്ചവരോ ക്രമരഹിതമായവരോ മാസത്തിലെ ഒരു നിശ്ചിത ദിവസം തിരഞ്ഞെടുക്കണം.

പരിശോധനാ ഘട്ടങ്ങള്‍

1. കണ്ണാടിക്ക് മുന്നില്‍ നിന്ന് എല്ലാ കോണുകളില്‍ നിന്നും സ്തനങ്ങള്‍ നിരീക്ഷിക്കുക. അസാധാരണമായ നിറവ്യത്യാസം, വീക്കം, ചര്‍മ്മമാറ്റങ്ങള്‍ എന്നിവ ശ്രദ്ധിക്കുക.

2.
സ്തനത്തിന്റെ പുറം ഭാഗത്ത് നിന്ന് അകത്തേക്ക് (നെഞ്ചെല്ലിലേക്ക്) നീങ്ങുമ്പോള്‍, വിവിധ സമ്മര്‍ദ്ദങ്ങളില്‍ വൃത്താകൃതിയിലുള്ള ചലനങ്ങള്‍ ഉപയോഗിച്ച് മുഴകള്‍ പരിശോധിക്കുക.

3.
കിടന്നുകൊണ്ട് സമാന പരിശോധന ആവര്‍ത്തിക്കുക.

4. ഇരു കക്ഷങ്ങളും പരിശോധിക്കുക.ലിംഫ് ഭാഗത്ത് ഏതെങ്കിലും തരത്തില്‍ തടിപ്പ്,വേദന, അസാധാരണമായ മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറുമായി ബന്ധപ്പെടുക.

മിക്ക സ്തന മുഴകളും ക്യാന്‍സര്‍ അല്ല, 80% മുഴകള്‍ ദോഷകരമല്ലാത്തവയാണ്. എന്നാല്‍ ഏതെങ്കിലും അസാധാരണത കണ്ടാല്‍ ഉടന്‍ വൈദ്യോപദേശം തേടണം.

പതിവ് പരിശോധനകള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പേ കാന്‍സര്‍ കണ്ടെത്താനും ആദ്യഘട്ട മാറ്റങ്ങള്‍ തിരിച്ചറിയാനും സഹായിക്കുന്നു, ഇത് അതിജീവന നിരക്ക് വളരെയധികം മെച്ചപ്പെടുത്തുകയും ചികിത്സ എളുപ്പമാക്കുകയും ചെയ്യുന്നു.

• 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ വാര്‍ഷിക മാമോഗ്രാഫി നടത്തേണ്ടത് പ്രധാനമാണ്
• കുടുംബചരിത്രമുള്ളവര്‍ ജനിതക പരിശോധനയും കൗണ്‍സിലിംഗും നടത്തണം
• അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ആവശ്യമെങ്കില്‍ ചെയ്യേണ്ടതാണ്

ആരോഗ്യകരമായ ജീവിതശൈലി, പതിവ് സ്വയം പരിശോധന, കൃത്യസമയത്ത് വൈദ്യ പരിശോധന എന്നിവ സ്തനാര്‍ബുദത്തിനെതിരായ നമ്മുടെ ഏറ്റവും വലിയ ആയുധങ്ങളാണ്. ഓരോ സ്ത്രീയും സ്വന്തം ആരോഗ്യത്തിന്റെ സംരക്ഷകയാകണം. നേരത്തെ കണ്ടെത്തല്‍ ജീവന്‍ രക്ഷിക്കുന്നു - ഈ ലോക കാന്‍സര്‍ ദിനത്തില്‍ നമുക്ക് ഈ സന്ദേശം എല്ലാവരിലുമെത്തിക്കാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :