25000 ആട്, 2 ലക്ഷം കോഴി, 5000 പശു - സുരേഷ്ഗോപിയുടെ ഡയറി ഫാം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സിനിമാതാരങ്ങള്‍ ബിസിനസുകാരാകുന്നത് മലയാളത്തില്‍ അത്ര പുതുമയുള്ള കാര്യമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ബിസിനസുണ്ട്. സിനിമയിലല്ലാതെ, മറ്റ് പല മേഖലകളിലും നിക്ഷേപമുണ്ട്. മോഹന്‍ലാലിന് വമ്പന്‍ ഹോട്ടല്‍ സാമ്രാജ്യം തന്നെയുണ്ട്. ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയും ഇപ്പോള്‍ ചില പദ്ധതികള്‍ ആലോചിക്കുകയാണ്.

അതില്‍ പ്രധാനം ഒരു ഡയറി ഫാം ആണ്. തിരുനെല്‍‌വേലിയിലാണ് സുരേഷ് ഗോപിയുടെ ഡയറി ഫാം വരുന്നത്. 5000 പശു, 2000 എരുമ, 25000 ആട്, രണ്ടുലക്ഷം നാടന്‍ കോഴി എന്നിവ ഡയറി ഫാമിലുണ്ടാകും. മില്‍ക്ക് പൌഡര്‍ പ്ലാന്‍റ്, ചോക്ലേറ്റ് ഫാക്ടറി തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും. 26 കോടി രൂപയുടെ പദ്ധതിയാണിത്. ‘ബേത്‌ലഹേം’ എന്നായിരിക്കും ഡയറി ഫാമിന്‍റെ പേര്.

“ലാലും പ്രിയനുമൊക്കെ ഇതിനൊപ്പം കൂടാമെന്ന് പറഞ്ഞിട്ടുണ്ട്. തിരുനെല്‍‌വേലിയില്‍ ഡയറി ഫാം വരുന്ന സ്ഥലം എന്‍റേതുതന്നെയാണ്. സി ദിവാകരന്‍ മന്ത്രിയായപ്പോള്‍ പറഞ്ഞു, നീ ഇതൊക്കെ തമിഴ്നാട്ടില്‍ പോയി തുടങ്ങിയാല്‍ പറ്റില്ല, നമുക്കിവിടെ നാട്ടില്‍ തുടങ്ങാമെന്ന്. ഇവിടെ സ്ഥലം ഒപ്പിച്ചുതരാം എന്നുപറഞ്ഞിട്ട് അവസാനം എല്ലാം കുഴപ്പത്തിലാ ചാടിയത്. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഒന്നും സമ്മതിക്കില്ലെന്നേ. ഫാം തിരുനെല്‍‌വേലിയില്‍ തന്നെ വരും” - ഒരഭിമുഖത്തില്‍ സുരേഷ്ഗോപി വ്യക്തമാക്കുന്നു.

അപ്പര്‍ കുട്ടനാട്ടില്‍ 400 ഏക്കറില്‍ കൃഷി ചെയ്യാനും സുരേഷ്ഗോപിക്ക് പദ്ധതിയുണ്ട്. സംവിധായകന്‍ ലാലും മമ്മൂട്ടിയുമൊക്കെ അതിനോട് സഹകരിക്കുന്നുണ്ട്. “തുടക്കത്തില്‍ കുറച്ച് കാശ് കൈയില്‍ നിന്ന് പോയെന്നുവരാം. എന്നാലും നമ്മുടെ വയലുകള്‍ പച്ചപ്പുകൊണ്ട് നിറയണം. കേരളത്തിലെ അധ്വാനിക്കുന്ന ജനതയില്‍ നിന്ന് ഒരംശം വാങ്ങിയാണ് നമ്മള്‍ വലുതാവുന്നത്. തിരിച്ച് ആ സമൂഹത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കേണ്ടതുണ്ട്. അതിനുള്ള ഇന്‍‌വെസ്റ്റുമെന്‍റാണിത്” - സുരേഷ്ഗോപി പറയുന്നു.

സുരേഷ്ഗോപിയും ദിലീപും സംവിധായകന്‍ ലാലും ചേര്‍ന്ന് ഒരു ഡി ടി എസ് മിക്സിംഗ് സെന്‍ററും ഇട്ടിട്ടുണ്ട്. അത് ലാഭകരമായി മുന്നോട്ടുപോകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :