ആരമ്മേ! ഗാന്ധി ?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

UNI
മുന്‍വരിപ്പല്ലു പൊയ്പോയ
മോണ കാട്ടിച്ചിരിച്ചൊരാള്‍
ചമ്പ്രം പടിഞ്ഞിരിക്കുന്ന
പടം നീ കണ്ടതില്ലയോ ?

അതാണു ഗാന്ധിയപ്പൂപ്പന്‍
ആരിലും കനിവുള്ളവന്‍
കൊച്ചു കുഞ്ഞുങ്ങളോടൊത്തു
കള്ളിപ്പാന്‍ കൊതിയുള്ളവന്‍.

വിളിപ്പൂ നാട്ടുകാരെല്ലാം
"ബാപ്പു' വെന്നു പലപ്പൊഴും
ആ വാക്കു കേട്ടിരിക്കും നീ-
യച്ഛനെന്നര്‍ത്ഥമായിടും.

മറ്റുള്ളോരുടെ ദുഃഖങ്ങള്‍
മാറ്റുവാന്‍ വേല ചെയ്കയാല്‍
"മഹാത്മാ' ഗാന്ധിയെന്നുള്ള
പേരു നീളെ പ്രസിദ്ധമായ്.

സത്യത്തെദ്ദൈവമായ്ക്കണ്ടു
പൂജിച്ച പുരുഷോത്തമന്‍,
പങ്കം തീണ്ടാത്ത കര്‍മ്മത്താല്‍
തങ്കം പോലെ തിളങ്ങിയോന്‍,

കുഞ്ഞുറുന്പിനുമാപത്തു
പറ്റിയാല്‍ക്കരയുന്നവന്‍,
കുരുന്നു നുളളുവാന്‍പോലും
കൈയറയ്ക്കും ദയാമയന്‍,

സ്നേഹം, ധര്‍മ്മം, സദാചാരം;-
ഓരോന്നെന്തിനു ചൊല്‍വു ഞാന്‍?
ഗുണമൊക്കെയുമൊന്നിച്ച
ഗുരുവാണു മഹാത്മജി.
WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :