കാറ്റോളം നമ്മുടെ സൗഹൃദം

പ്രദീപ് ആനക്കൂട്

motgher and child
SasiSASI
അവളുടെ കൈവിരലുകളില്‍ വിവാഹനിശ്ചയത്തിന്‍റെ മോതിരമുണ്ടായിരുന്നു. "ഈ കാറ്റിനെ വിശ്വസിക്കാമെങ്കില്‍ അത്രത്തോളവും ആയുസ്സുണ്ടാവും നമ്മുടെ സൗഹൃദത്തിന്' എന്ന് മറുപടിപറയുന്പോള്‍ മനസ്സില്‍ നിറങ്ങളേറെയുണ്ടായിരുന്നു. പോകുവാന്‍ എഴുന്നേല്‍ക്കവേ അവള്‍ കൈകള്‍ നീട്ടി. സൗഹൃദത്തിന്‍റെ സ്വര്‍ഗമായി അന്നാണ് ഞങ്ങളുടെ കൈകള്‍ അവസാനമായി ചേര്‍ന്നത്.

അകലെ ട്രെയിനിന്‍റെ ചൂളം വിളിയൊച്ച. ഞാന്‍ ആരെയാണ് കാത്തുനില്‍ക്കുന്നത്. ഓരോ ഞായറാഴ്ച്ചകളിലും ഈ റയില്‍വേ പ്ളാറ്റ് ഫോമില്‍ വെറുതെ ആരെയൊക്കെയോ പ്രതീക്ഷിച്ചെത്തുന്നു. ഈ തിരക്ക് എന്തൊക്കെയോ ആര്‍ദ്രമായ ഭാവങ്ങള്‍ നിറയ്ക്കുന്നു. ബന്ധുക്കളെ കാത്തുനില്‍ക്കുന്നവര്‍, അവരുടെ കെട്ടിപ്പുണരലുകള്‍, ചിരികള്‍, ബാഗ് ഞാനെടുക്കാമെന്ന്, വന്നു ചേര്‍ന്ന മകളെ ചേര്‍ത്തുപിടിക്കുന്ന അച്ഛന്‍റെ സ്നേഹം, നീ ആകെ ക്ഷീണിച്ചുപോയല്ലോ' എന്ന് അമ്മയുടെ വാത്സല്യം.

ഭര്‍ത്താവിന്‍റെ ചുമലിലേക്ക് ചാഞ്ഞ് കണ്ണുകളടയ്ക്കുന്ന ഭാര്യയുടെ കാത്തിരിപ്പിന്‍റെ പരിഭവം. തിരിച്ചറിവുകളുടെ കാഴ്ചപ്പാടുകള്‍. ഓരോ കാഴ്ചയും ഓരോ വ്യത്യസ്തതയാണ്. ഇവിടെ ഈ കൈകളില്‍ മൃദുലമായി കൈകള്‍ ചേര്‍ക്കാന്‍ പരിഭവിക്കാന്‍ എനിക്കാരുണ്ട് ഉണ്ണീ .... മനസ്സ് ഒന്നുവിറച്ചുപോയി.

ആരാണ് കോണിപ്പടികള്‍ക്കിടയില്‍ നിന്ന്. മരവിപ്പ് മാറാന്‍ സമയമെടുത്തു. തിളങ്ങുന്ന കണ്ണടകളും ചിരിതൂകുന്ന മുഖവുമായി അവള്‍, എന്‍റെ കൂട്ടുകാരി. അവളുടെ കൈകളില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയുടെ മുഖത്തേക്ക് ഞാന്‍ നോക്കവേ അവളവനെ വാരിയെടുത്ത് പറഞ്ഞു, മോനൂ ഇതാരെന്നറിയാമോ ?. അമ്മയുടെ കൂട്ടുകാരന്‍. കണ്ണടകളില്‍ നനവ്. പുക നിറഞ്ഞൊരു കാറ്റ് ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.

കോഫി ഹൗസില്‍ ഇരിക്കുന്പോള്‍, ഏറെയും സംസാരിച്ചത് അവളാണ്. പരിഭവം പറച്ചിലുകള്‍, തമാശകള്‍, ഭര്‍ത്താവിനെക്കുറിച്ച്, പെറ്റു പെരുകിയ എന്‍റെ മയില്‍ പീലിയെക്കുറിച്ച് പറഞ്ഞ് അവള്‍ ചിരിച്ചു. എന്‍റെ മൗനം പതുക്കെ മുറിഞ്ഞ് പോകുന്നത് ഞാനറിഞ്ഞു.

വീണ്ടും കാണാം എന്ന പതിവ് വാചകത്തില്‍ പിരിയവേ അവള്‍ എന്‍റെ നേരെ കൈകള്‍ നീട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൈകളിലെ സൗഹൃദം വീണ്ടും. നിന്‍റെ മയില്‍ പീലിയ്ക്ക് പകരമായി നിനക്കായ് ,എന്‍റെ കൂട്ടുകാരന് ,ഞാന്‍ സൂക്ഷിച്ചത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു പൊതി.അവള്‍ മെല്ലെ പറഞ്ഞു. അവള്‍ അകന്ന് പോകവേ ഞാന്‍ അത് തുറന്നു , കുറേ മഞ്ചാടികള്‍. കാറ്റോളം നമ്മുടെ സൗഹൃദം. കൂട്ടുകാരീ ഞാന്‍ അറിയാതെ വാക്കുകളായി. കാറ്റ് അവളെത്തേടി പാഞ്ഞു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :