നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല
ഈ മാസം 26ന് ഫ്രാന്‍സിനെതിരെയും 31ന് ക്രൊയേഷ്യക്കെതിരെയുമാണ് ബ്രസീലിന്റെ സൗഹൃദമത്സരങ്ങള്‍.
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു.തുടര്‍ച്ചയായി പരിക്കുകള്‍ വലച്ചതോടെ മൈതാനത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാവാതെ താരം കഷ്ടപ്പെടുകയാണ്. ഈ മാസം ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദമത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ ഇടം പിടിക്കാനും നെയ്മറിനായില്ല. ലോകകപ്പിന് മാസങ്ങള്‍ മാത്രമുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നെയ്മര്‍ ബ്രസീലിയന്‍ ദേശീയ ടീമിലെത്താന്‍ സാധ്യത വിരളമാണ്.
ഈ മാസം 26ന് ഫ്രാന്‍സിനെതിരെയും 31ന് ക്രൊയേഷ്യക്കെതിരെയുമാണ് ബ്രസീലിന്റെ സൗഹൃദമത്സരങ്ങള്‍. ലോകകപ്പില്‍ ജൂണ്‍ പതിനാലിന് മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഇതിന് മുന്‍പ് ഈജിപ്തിനെതിരായ സന്നാഹമത്സരം മാത്രമാണ് ബ്രസീലിന് ബാക്കിയുള്ളത്. അതിനാല്‍ തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തുക താരത്തിന് എളുപ്പമാവില്ല. നിരന്തരം പരിക്കിന്റെ പിടിയിലായ താരത്തെ ഒരിക്കല്‍ പോലും പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ റ്റീമിലേക്ക് പരിഗണിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ബ്രസീലിയന്‍ ക്ലബായ സാന്റോസിനായി നെയ്മര്‍ മുഴുവന്‍ സമയവും കളിച്ചെങ്കിലും താരം പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ആഞ്ചലോട്ടി പറയുന്നു. നെയ്മറിന്റെ പ്രതിഭയിലോ കളിമികവിലോ സംശയമില്ല. എന്നാല്‍ 100 ശതമാനവും ഫിറ്റായ താരങ്ങളെ മാത്രമാണ് ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത്. ആഞ്ചലോട്ടി പറഞ്ഞു. ഇതോടെ നെയ്മര്‍ ഇനിയൊരു ലോകകപ്പില്‍ മഞ്ഞ ജേഴ്‌സിയില്‍ കളിക്കുന്നത് കാണാനാവില്ലെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ 79 ഗോള്‍ നേടിയിട്ടുണ്ട്.