അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (16:44 IST)
ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വുപണിയുടെ അവസാനദിവത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് ഗോള്‍ കീപ്പര്‍മാര്‍. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ഗോള്‍ കീപ്പറായ ജിയാന്‍ലൂജി ഡൊണ്ണറുമയെ ടീമിലെത്തിച്ചപ്പോള്‍ മറുപടിയായി ബെല്‍ജിയം കാരനായ സെന്നെ ലാമ്മെന്‍സിനെ യുണൈറ്റഡ് സ്വന്തമാക്കി.
പരിചയസമ്പന്നനായ ഡൊണ്ണറുമയെ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്നാണ് സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന ബ്രസീലിയന്‍ താരമായ എഡേഴ്‌സണ്‍ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയിലേക്ക് മാറും.നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് ഡൊണ്ണറുമ. ഇറ്റാലിയന്‍ ക്ലബായ എ സി മിലാനായി 251 മത്സരങ്ങളും പിഎസ്ജിക്കായി 151 മത്സരങ്ങളും ഡൊണ്ണറുമ കളിച്ചിട്ടുണ്ട്.
ബെല്‍ജിയം ക്ലബായ റോയല്‍ ആന്റ്വെര്‍പ്പില്‍ നിന്നാണ് 23കാരനായ ലാമ്മെന്‍സിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെയും യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്നു. ഏതാണ്ട് 200 കോടി രൂപയ്ക്കാണ് യുണൈറ്റഡ് ലാമ്മെന്‍സിനായി ചെലവഴിച്ചത്.