FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ
സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാനതാരമായ ലാമിന്‍ യമാലും നോര്‍വെയുടെ എര്‍ലിങ് ഹാലന്‍ഡുമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍.
2026ലെ ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, നെയ്മര്‍, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പല സീനിയര്‍ താരങ്ങള്‍ക്കും ഇക്കുറി ഇത് തങ്ങളുടെ അവസാന ലോകകപ്പായിരിക്കുമെന്ന് ഉറപ്പാണ്. പല സൂപ്പര്‍ താരങ്ങളും ഇക്കുറി ലോകകപ്പ് ലക്ഷ്യം വെച്ച് ഇറങ്ങുമ്പോള്‍ ലാമിന്‍ യമാല്‍ മുതല്‍ ഹാലന്‍ഡ് വരെയുള്ള ഒരുപിടി താരങ്ങള്‍ തങ്ങളുടെ കന്നി ലോകകപ്പിനാണ് ഇറങ്ങുന്നത്. ഇത്തവണ ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങളില്‍ ശ്രദ്ധ വെയ്‌ക്കേണ്ട താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാനതാരമായ ലാമിന്‍ യമാലും നോര്‍വെയുടെ എര്‍ലിങ് ഹാലന്‍ഡുമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെ മിന്നുന്ന താരങ്ങളായ ഇവര്‍ക്ക് പുറമെ ഒരുകൂട്ടം താരങ്ങളും ഇക്കുറി ലോകകപ്പില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. പതിനെട്ടാം വയസ്സില്‍ തന്നെ ബാഴ്‌സയുടെയും സ്‌പെയ്‌നിന്റെയും പ്രധാനതാരമായ ലാമിന്‍ യമാലാണ് ഇവരില്‍ പ്രധാനി. അതേസമയം 1998ന് ശേഷം നോര്‍വെയ്ക്ക് ആദ്യമായി ലോകകപ്പ് യോഗ്യത നേടികൊടുത്തുകൊണ്ടാണ് ഹാലന്‍ഡ് ഇക്കുറി ദേശീയകുപ്പായത്തിലെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി നടത്തിയ പ്രകടനങ്ങള്‍ ലോകകപ്പിലും ആവര്‍ത്തിക്കാന്‍ താരത്തിനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇവര്‍ക്ക് പുറമെ ജര്‍മനിയുടെ ഫ്‌ളോറന്‍ വിര്‍ട്‌സ്, ഫ്രാന്‍സിന്റെ മൈക്കല്‍ ഒലീസെ, കൊളംബിയയുടെ ലൂയിസ് ഡയസ് എന്നിവരും ഈ ലോകകപ്പിലെ പ്രധാന പേരുകാരാണ്. ലിവര്‍ പൂളിലേക്ക് വന്‍ തുകയ്‌ക്കെത്തിച്ചെങ്കിലും വിര്‍ട്‌സിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ പ്രകടനങ്ങള്‍ ഇതുവരെയും നടത്താനായിട്ടില്ല. അതേസമയം ബയേണ്‍ മ്യൂണിച്ചിലെ അതിഗംഭീരമായ സീസണിന് ശേഷമാണ് ഒലീസെ ഫ്രാന്‍സ് ടീമിലെത്തുന്നത്. ലൂയിസ് ഡിയാസും തന്റെ ആദ്യ ലോകകപ്പാണ് ഇക്കുറി കളിക്കുന്നത്. ഇവര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍ നിരയിലെ ജാവോ നെവസും അര്‍ജന്റീന നിരയില്‍ നിക്കോ പാസും ശ്രദ്ധ വെയ്‌ക്കേണ്ട യുവതാരങ്ങളാണ്. തുര്‍ക്കിയുടെ റയല്‍ മാഡ്രിഡ് താരമായ ആര്‍ഡെ ഗുള്ളര്‍. ഐവറി കോസ്റ്റിന്റെ യാന്‍ ഡയമണ്ഡെ എന്നിവരും ഇക്കുറി ലോകകപ്പില്‍ തിളങ്ങുമെന്ന കരുതുന്ന താരങ്ങളാണ്.