മാഡ്രിഡിനെ പെരസ് തന്നെ നയിക്കും, വമ്പൻ വിജയം: മൗറിന്യോ ടീമിലേക്ക്, പല വമ്പന്മാരും ടീമിൽ നിന്ന് പുറത്തേക്ക്?
2009 മുതല്‍ തുടര്‍ച്ചയായി ക്ലബിനെ നയിക്കുന്ന പെരസ് ഇതോടെ 2030 വരെ അധികാരത്തില്‍ തുടരും.
ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് സ്ഥാനത്തെക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ വമ്പന്‍ വിജയന്‍ സ്വന്തമാക്കി ഫ്‌ലോറന്റീന പെരെസ്. തിരെഞ്ഞെടുപ്പില്‍ എന്റിക്വ റിക്വല്‍മിയെ പരാജയപ്പെടുത്തിയാണ് 79കാരനായ പെരസ് വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടത്. ആകെ 33,555 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അതില്‍ 21,741 വോട്ടുകള്‍ സ്വന്തമാക്കാന്‍ പെരസിനായി. ഏകദേശം 95,000 അംഗങ്ങളുള്ള ക്ലബില്‍ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ശക്തമായ തെരഞ്ഞെടുപ്പ് നടന്നത്. 2009 മുതല്‍ തുടര്‍ച്ചയായി ക്ലബിനെ നയിക്കുന്ന പെരസ് ഇതോടെ 2030 വരെ അധികാരത്തില്‍ തുടരും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി റയല്‍ മാഡ്രിഡ് ടീമിനുള്ളില്‍ നടന്ന കലഹങ്ങളും വാല്‍വര്‍ദേ- ചൗമേനി പ്രശ്‌നവുമെല്ലാം വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ടീമില്‍ താരങ്ങള്‍ പരിശീലകര്‍ക്ക് വില നല്‍കുന്നില്ലെന്നുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്ലബിന്റെ പരിശീലകനായി ജോസെ മൗറിന്യോയെ തിരിച്ചെത്തിക്കുമെന്ന് പെരസ് പ്രഖ്യാപിച്ചിരുന്നു. നേറത്തെ 2010 മുതല്‍ 2013 വരെ റയലിന്റെ പരിശീലകനായുള്ള പരിചയവും മൗറിന്യോയ്ക്കുണ്ട്. മൗറിന്യോ വരുന്നതോടെ ടീമിനുള്ളില്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മസ്റ്റാന്റുവാനോ,റൗള്‍ അസന്‍സിയോ,കാമവിംഗ, ഫ്രാങ്ക് ഗാര്‍ഷ്യ തുടങ്ങിയ താരങ്ങള്‍ ടീമിന് പുറത്തായേക്കും.
അതേസമയം ഇന്റര്‍ മിലാന്റെ ഡെന്‍സല്‍ ഡംഫ്രിസ് ലിവര്‍പൂളിന്റെ പ്രതിരോധ താരം ഇബ്രാഹിം കൊനാട്ടെ എന്നിവരെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം. കൂടാതെ യൂറോപ്യന്‍ ഫുട്‌ബോളിലെ ഒരു സൂപ്പര്‍താരത്തിനായി 150 മില്യണ്‍ യൂറോയുടെ വമ്പന്‍ ഓഫര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പെരസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതാരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മൈക്കല്‍ ഒലീസെയുടേതടക്കമുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കഴിഞ്ഞ സീണില്‍ കിരീടനേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്നതോടെ സൂപ്പര്‍ താരമായ എംബാപ്പയെ അടക്കം പുറത്താക്കണമെന്ന ആവശ്യവുമായി റയല്‍ മാഡ്രിഡ് ആരാധകര്‍ രംഗത്ത് വന്നിരുന്നു.അതിനാല്‍ തന്നെ പുതിയ കോച്ചും വമ്പന്‍ സൈനിംഗുകളും ചേര്‍ന്ന പുതിയ ''ഗാലാക്ടിക്കോ'' പദ്ധതിയോട് ആരാധകര്‍ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. സോഷ്യല്‍ മീഡിയയിലും മൗറിന്യോയുടെ മടങ്ങിവരവിനും വലിയ വരവേല്പാണ് ലഭിക്കുന്നത്.