മിലാന്‍ വിജയ പാതയില്‍

റോം| WEBDUNIA|
കഴിഞ്ഞ ലീഗിലെ ചാമ്പ്യന്‍‌മാരായ ഇന്‍റര്‍മിലാന്‍, തിരിച്ചടികള്‍ മറന്നു കഴിഞ്ഞ ഇറ്റാലിയന്‍ വമ്പന്‍മാര്‍ എ സി മിലാന്‍, ലാസിയോ എന്നിവര്‍ ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ വിജയ പാതയില്‍ തിരിച്ചെത്തി. മുന്‍ ചാമ്പ്യന്‍‌മാരായ യുവന്‍റസ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

സൂപ്പര്‍ താരങ്ങളുമായി കളത്തിലെത്തിയ എ സി മിലാന്‍ റെഗീനയെ 2-1 നു തോല്‍പ്പിച്ചപ്പോള്‍ അയല്‍ക്കാര്‍ ഇന്‍റര്‍മിലാന്‍ ദുര്‍ബ്ബലരായ ലീസിനോട് ഒരു ഗോളുമായി രക്ഷപ്പെടുകയായിരുന്നു. ബ്രസീലിന്‍റെ പയ്യന്‍ താരം അലക്സാണ്ടര്‍ പാറ്റോ എഴുപത്തിമൂന്നാം മിനിറ്റില്‍ കണ്ടെത്തിയ ഗോളായിരുന്നു മിലാന് അനുഗ്രഹമായത്.

ഇരുപത്തിമൂന്നാം മിനിറ്റില്‍ ഡച്ച് താരം ക്ലാരന്‍സ് സീഡോര്‍ഫിന്‍റെ ഫ്രീകിക്കില്‍ ബുള്ളറ്റ് ഹെഡ്ഡര്‍ തീര്‍ത്ത് ബെരെല്ലി മിലാനെ മുന്നിലെത്തിച്ചെങ്കിലും ക്രിസ്ത്യന്‍ അബിയാതി കാര്‍ലോസ് കര്‍മാണയുടെ ഫ്രീകിക്കില്‍ ഗോള്‍ കണ്ടെത്തി റെഗ്ഗീന അതേ പോലെ തന്നെ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം കാക നീട്ടിയ സുന്ദരമായ പാസില്‍ പാറ്റോ വിജയം കുറിക്കുകയായിരുന്നു.

അര്‍ജന്‍റീന താരം ജൂലിയോ ക്രൂസിന്‍റെ ഗോളടിയാണ് ചാമ്പ്യന്‍‌മാരായ ഇന്‍റര്‍മിലാന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് ലീസിന് എഴുപത്തി ഒമ്പതാം മിനിറ്റു വരെ ചാമ്പ്യന്‍‌മാരെ പിടിച്ചു നിര്‍ത്താനായെങ്കിലും അതിനു ശേഷം പ്രതിരോധം അയഞ്ഞത് വിനയായി മാറുകയായിരുന്നു.

യുവന്‍റസ് കാറ്റാനിയയുമായി സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. പതിമൂന്നാം മിനിറ്റില്‍ അമൌറി നേടിയ ഗോളില്‍ മുന്നിലെത്തിയ യുവന്‍റസ് പക്ഷേ രണ്ടാം പകുതിയില്‍ പ്ലാസ്മാറ്റി നേടിയ ഗോളില്‍ എതിരാളികളോട് സമനില വഴങ്ങി.

അതേസമയം ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും വമ്പന്‍ അട്ടിമറികളില്‍ ഒന്നില്‍ ലാസിയോ ഫിയോറന്‍റീനയെ മറികടന്നു. ബദ്ധ വൈരികള്‍ തമ്മിലുള്ള മത്സരത്തില്‍ 3-0 നു വിജയം നേടാന്‍ ലാസിയോയെ തുണച്ചത് സ്റ്റെഫാനോ മൌറി, ഗോരാന്‍ പാണ്ഡേവ്, സെബാസ്‌റ്റയന്‍ സിവിഗ്ലാ എന്നിവരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :