വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍

Yesudasan Cartoonist
WDWD
കാര്‍ട്ടൂണിസ്റ്റ് യേശുദാസനും വരയുടെ അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.2005 ല്‍ പാടാത്ത യേശുദാസനാണ് അദ്ദേഹം. പക്ഷെ വരകളിലൂടെപാടുന്ന യേശുദാസിനെപ്പോലെ എന്നുമദ്ദേഹം മലയാളിക്കൊപ്പമുണ്ട്.

കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവ്, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നീ ബഹുമതികള്‍ യേശുദാസനുള്ളതാണ്. കേരള ലളിതകലാ അക്കാഡമിയിലും കാര്‍ട്ടൂണ്‍ അക്കാഡമിയിലും അദ്ദേഹം അദ്ധ്യക്ഷനായി ഇരുന്നിട്ടുണ്ട്.

1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചിരിയും ചിന്തയും ചിന്തേരിടുന്ന വരകളുടെ തമ്പുരനായ യേശുദാസനായി മാറിക്കഴിഞ്ഞു.

കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്‍റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച ചില മുഖങ്ങള്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറുന്നു. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്‍റെ പരിചയക്കാരില്‍പ്പെട്ടവര്‍ തന്നെ.

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന മഹാഭാരത കാവ്യ വാക്യം - യേശുദാസന്‍റെ കാര്‍ട്ടൂണിന്‍റെ കാര്യം വച്ചു നോക്കിയാല്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം ബാധകമാണ്. യേശുദാസന്‍റെ വരയുടെ, ഫലിതത്തിന്‍റെ അമ്പുകൊള്ളാത്തവരായി അവരില്‍ ആരുമുണ്ടായിരിക്കുകയില്ല.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :