കഴിഞ്ഞത് കഴിഞ്ഞു, മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

WEBDUNIA|
PRO
അതൊരു അടിയായിരുന്നു. അടിതെറ്റിയാല്‍ ആനയും വീഴും എന്നാണല്ലോ. ആദായനികുതി ഉദ്യോഗസ്ഥര്‍ നല്‍കിയ അടിയില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാറും ഒന്നു പതറി. എന്തായാലും ആഘാതത്തില്‍ നിന്ന് മോചിതനായ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പാതിവഴിയില്‍ നിര്‍ത്തിയാണ് മമ്മൂട്ടി റെയ്ഡിനോട് സഹകരിക്കാനായി എത്തിയത്. വീണ്ടും ആ സിനിമയില്‍ തന്നെയായിരുന്നു ജോയിന്‍ ചെയ്യേണ്ടത്. എന്നാല്‍ ചിത്രത്തില്‍ കമ്മീഷണര്‍ ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സുരേഷ്ഗോപി ശാരീരിക സുഖമില്ലാത്തതിനാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ഒരിടവേളയ്ക്ക് ശേഷം മാത്രമേ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുകയുള്ളൂ.

അതോടെ സംവിധായകന്‍ ഷാഫിയോട് ‘വെനീസിലെ വ്യാപാരി’ എന്ന പ്രൊജക്ട് ഉടന്‍ ആരംഭിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മൂന്ന് മുതല്‍ മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.

വെനീസിലെ വ്യാപാരിയില്‍ ഒരു കയര്‍ വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക. തിരക്കഥ ജെയിംസ് ആല്‍ബര്‍ട്ട്.

അതേസമയം, റെയ്ഡില്‍ കുലുങ്ങാതെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :