ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളേയുള്ളൂ - മിസ്റ്റര്‍ ഫ്രോഡ്!

Last Modified ബുധന്‍, 14 മെയ് 2014 (18:38 IST)
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ തൊട്ടുപിറ്റേന്ന് ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസാകും. ആരൊക്കെ തോറ്റാലും ജയിക്കുമെന്ന് ഉറപ്പുള്ള ഒരാളേയുള്ളൂ - മിസ്റ്റര്‍ ഫ്രോഡ്. ‘ദൃശ്യ’വിജയത്തിന് മുകളില്‍ ഒരു വിജയമാണ് മോഹന്‍ലാല്‍ ആരാധകര്‍ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഒന്നാന്തരം ഗാനങ്ങളും ഗംഭീര ട്രെയിലറുകളും ആ പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടുന്നു.

ബി ഉണ്ണികൃഷ്ണന്‍റെ ഏറ്റവും മികച്ച വര്‍ക്കാണ് ഈ സിനിമയെന്നാണ് അണിയറയിലെ സംസാരം. ഗംഭീര ത്രില്ലര്‍. മികച്ച കഥയും സസ്പെന്‍സും. ആക്ഷന്‍ രംഗങ്ങളുടെ ചടുലത. സൂപ്പര്‍ ട്വിസ്റ്റുകള്‍. എല്ലാം തികഞ്ഞ സിനിമയെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിട്ടുള്ളത്. മോഹന്‍ലാലിനൊപ്പം സുപ്രധാനവേഷത്തില്‍ സിദ്ദിക്കും വില്ലനായി ദേവ് ഗില്ലും.

“ഇന്നലെ രാത്രി ഏറെ വൈകിയാണ്‌, ഞാന്‍ മിസ്റ്റര്‍ ഫ്രോഡിന്‍റെ 2K പ്രൊജക്ഷന്‍ കണ്ടത്‌. 52 ദിവസങ്ങള്‍കൊണ്ട്‌ ചിത്രീകരണവും, 27 ദിവസങ്ങള്‍കൊണ്ട്‌ പോസ്റ്റ്പ്രൊഡക്ഷനും പൂര്‍ത്തിയാക്കി, ചിത്രത്തെ പ്രദര്‍ശനത്തിന്‌ തയ്യാറാക്കാന്‍ സാധിച്ചത്‌, എന്‍റെ മികവുകൊണ്ടല്ല; അതിന്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌, എന്‍റെ കൂടെ കഠിനാധ്വാനം ചെയ്ത എന്‍റെ സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരോടും തൊഴിലാളികളോടുമാണ്‌. സിനിമയുടെ മികവിനായി എല്ലാപിന്തുണയും നല്‍കിയ, സഹൃദയനായ നിര്‍മ്മാതാവ്‌ ശ്രീ. എ വി അനൂപിനോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല. ഈ 17 മുതല്‍ മിസ്റ്റര്‍ ഫ്രോഡ്‌ കാണികളുടേതാണ്‌. പണം മുടക്കി സിനിമകാണുന്ന പ്രേക്ഷകര്‍, അവരെ രസിപ്പിക്കുന്ന ഒരുസിനിമയാണ്‌ ഞാനൊരുക്കിയത്‌ എന്ന് വിധിയെഴുതിയാല്‍, അതില്‍ കൂടുതല്‍ സന്തോഷം വേറെയില്ല” - ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍ അദ്ദേഹം എത്തുന്നു. ആ കഥാപാത്രത്തെക്കുറിച്ച് അധികമൊന്നും പുറത്തുവിട്ടിട്ടില്ല. അവന് ഒരുപേരല്ല, ഒരു നൂറു പേരുകളാണ്. അവന്‍ ചതിയനാണ്, നല്ലവനും. അവന്‍ വലിയ ഒരു കൊള്ളയ്ക്ക് പ്ലാന്‍ ചെയ്യുകയാണ്. ശ്വാസമടക്കിപ്പിടിക്കൂ, 17ന് ഫ്രോഡ് നിങ്ങളുടെ സമീപമെത്തുന്നു!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :