ഇനി ട്രാഫിക് ബ്ലോക്കില്‍ പെടാത്ത ‘മോട്ടോര്‍സൈക്കിള്‍’ ഡയറീസ് !
WEBDUNIA|
PRO
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മോട്ടോര്‍സൈക്കിള്‍ ഡയറീസ്’ എന്നാണ് ചിത്രത്തിന് പേര്. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമാണ് ചിത്രത്തിലെ നായകന്മാര്. നവാഗതനായ ദീപു മാത്യുവിന്റെ കഥയ്ക്ക് രാജേഷ് പിള്ള തന്നെയാണ് തിരക്കഥ രചിക്കുന്നത്.
‘ഒരു മോട്ടോര്‍സൈക്കിളിന്റെ ആത്മകഥ’ എന്നാണ് ഈ സിനിമയെ രാജേഷ് പിള്ള നിര്‍വചിക്കുന്നത്. എഴുപതുകളില്‍ തുടങ്ങി ഈ കാലം വരെയുള്ള മുപ്പതിലധികം വര്‍ഷങ്ങളിലൂടെ ഒരു മോട്ടോര്‍ സൈക്കിളിന്റെ സഞ്ചാരമാണ് ഈ ചിത്രത്തില്‍. മോട്ടോര്‍സൈക്കിളിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
“ട്രാഫിക്കിന് ശേഷം ഒരു മലയാള ചിത്രം ചെയ്യാനായി ഞാന്‍ നൂറിലേറെ കഥകള്‍ കേട്ടു. അവയില്‍ നിന്ന് നാലുകഥകള്‍ ചെയ്യാനായി മാറ്റിവയ്ക്കുകയും ചെയ്തു. സഞ്ജയ് - ബോബി, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന് എന്നിവരുടെ കഥകള്‍ ഞാന്‍ ചെയ്യാനായി ലോക്ക് ചെയ്തുവച്ചിരിക്കുകയാണ്. ദീപു മാത്യു ഈ കഥ പറയുമ്പോള്‍ ഞാന്‍ ത്രില്‍ഡായി. ട്രാഫിക്കിന് ശേഷം ചെയ്യേണ്ട സിനിമ ഇതുതന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു” - രാജേഷ് പിള്ള പറയുന്നു.
ഒരു മോട്ടോര്‍സൈക്കിളിന്റെ ആദ്യത്തെ ഉടമസ്ഥനും ഇപ്പോഴത്തെ ഉടമസ്ഥനും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങളുടെ കഥയെന്നും മോട്ടോര്‍സൈക്കിള്‍ ഡയറീസിനെ പരിചയപ്പെടുത്താം. മോട്ടോര്‍സൈക്കിളിന്റെ മുപ്പതുവര്‍ഷത്തെ ജീവിതകാലത്ത് നിരവധി രാഷ്ട്രീയ - സാമൂഹികമാറ്റങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അവയുടെ ചിത്രീകരണം കൂടിയായിരിക്കും ഈ ചിത്രം.
ഓര്‍ഡിനറി എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുഗീതാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സുഗീതിന്റെ നിര്‍മ്മാണക്കമ്പനിയുടെ പേരും ‘ഓര്‍ഡിനറി ഫിലിംസ്’ എന്നാണ്. ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മോട്ടോര്‍സൈക്കിള്‍ ഡയറീസിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള.
വാല്‍ക്കഷണം: മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ ഒരു ഹോളിവുഡ് ചിത്രം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് പേര് മാത്രമാണ് താന്‍ കടമെടുത്തിട്ടുള്ളതെന്ന് രാജേഷ് പിള്ള പറയുന്നു. ഇതൊരു കോപ്പിയടിച്ചിത്രമല്ല. സിനിമ കണ്ടുകഴിയുമ്പോള്‍ ഇതിന് മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്നല്ലാതെ മറ്റൊരു പേരും ചേരില്ല എന്ന് ആര്‍ക്കും മനസിലാകും. അക്ഷരാര്‍ത്ഥത്തില്‍ ഇത് ഒരു മോട്ടോര്‍സൈക്കിളിന്റെ ഡയറിക്കുറിപ്പുകളാണ് - രാജേഷ് പിള്ള വ്യക്തമാക്കി.