മോഹന്‍ലാല്‍ ചിത്രം സിദ്ദിക്ക് മാറ്റിവച്ചു!

WEBDUNIA|
PRO
ബോഡിഗാര്‍ഡ് ഹിന്ദി സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഗ്രോസ് കളക്ഷനില്‍ ഇനി ബോഡിഗാര്‍ഡിന്‍റെ മുമ്പില്‍ ഉള്ളത് ‘ത്രീ ഇഡിയറ്റ്സ്’ മാത്രം. ഗ്രോസ് കളക്ഷന്‍ അടുത്ത 15 നാളുകള്‍ക്കുള്ളില്‍ 300 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍.

ബോഡിഗാര്‍ഡിന്‍റെ വിജയലഹരിയില്‍ സിദ്ദിക്ക് അടുത്തിടെ പറഞ്ഞത് തന്‍റെ അടുത്ത ചിത്രം മലയാളത്തിലാണെന്നും നായകന്‍ മോഹന്‍ലാലാണെന്നുമാണ്. മലയാളം ബോഡിഗാര്‍ഡ് ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ ചിത്രമായിരുന്നു സിദ്ദിക്ക് പ്ലാന്‍ ചെയ്തിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ അത് നടന്നില്ല.

പിന്നീട് സിദ്ദിക്കിനെ കാണുമ്പോഴൊക്കെ മോഹന്‍ലാല്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഹിന്ദി ബോഡിഗാര്‍ഡ് കഴിഞ്ഞാലുടന്‍ ലാല്‍ചിത്രം ചെയ്യാമെന്നായിരുന്നു സിദ്ദിക്ക് അപ്പോഴൊക്കെ പറഞ്ഞത്. എന്നാല്‍ പുതിയ വാര്‍ത്ത, സിദ്ദിക്ക് ഉടന്‍ ചെയ്യാന്‍ പോകുന്നത് ഒരു ഹിന്ദി ചിത്രമാണ് എന്നാണ്.

ക്രോണിക് ബാച്ച്ലറിന്‍റെ ഹിന്ദി റീമേക്കായിരിക്കും സിദ്ദിക്ക് ചെയ്യുക എന്ന് സൂചനയുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സിദ്ദിക്ക് തയ്യാറായിട്ടില്ല. “എന്‍റെ ഹിന്ദി പ്രൊജക്ടിന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കുകയാണ്. കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ അതൊരു ഫ്രഷ് സ്ക്രിപ്റ്റ് ആയിരിക്കും. അല്ലെങ്കില്‍ എന്‍റെ തന്നെ ഏതെങ്കിലും പഴയ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരിക്കും. ഈ ഹിന്ദി പ്രൊജക്ടിന് ശേഷം ഞാന്‍ ഒരു മലയാള ചിത്രം ചെയ്യും. ആ മലയാള ചിത്രം തന്നെ പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുമുണ്ട്” - സിദ്ദിക്ക് വ്യക്തമാക്കി.

ബോളിവുഡിലെ മൂന്ന് വമ്പന്‍ നിര്‍മ്മാണക്കമ്പനികളാണ് സിദ്ദിക്കിന്‍റെ സമ്മതത്തിനായി കാത്തുനില്‍ക്കുന്നത്. ഉടന്‍ തന്നെ തന്‍റെ പുതിയ ഹിന്ദി ചിത്രത്തിന്‍റെ വിവരങ്ങള്‍ സിദ്ദിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ക്രോണിക് ബാച്ച്ലര്‍ ഹിന്ദിയിലെടുക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ സല്‍മാന്‍ഖാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :