മോഹന്‍ലാലിനുവേണ്ടി അസിനോ വിദ്യാബാലനോ വരും!

WEBDUNIA|
PRO
തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ‘രാജാവിന്‍റെ മകന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ബോളിവുഡ് നക്ഷത്രങ്ങളും മലയാളികളുമായ അസിനോ വിദ്യാബാലനോ എത്തുമെന്ന് സൂചന. ഇവരിലൊരാള്‍ ചിത്രത്തില്‍ നായികയാകുമെന്നാണ് അറിയുന്നത്. അതേസമയം, പഴയ രാജാവിന്‍റെ മകനില്‍ വിന്‍സന്‍റ് ഗോമസ് എന്ന കഥാപാത്രത്തിന്‍റെ സഹായി മാത്രമായിരുന്ന കുമാര്‍ ‘രാജാവിന്‍റെ മകന്‍’ റീമേക്കില്‍ വിന്‍സന്‍റ് ഗോമസിനൊപ്പം തന്നെ നായകനാണ്.

അതേ, മോഹന്‍ലാലിനൊപ്പം സുരേഷ്ഗോപിയും ഈ സിനിമയില്‍ നായകതുല്യമായ വേഷത്തിലാണ് എത്തുന്നത്. “പഴയ ചിത്രത്തില്‍ കുമാര്‍ എന്ന കഥാപാത്രത്തിന് അത്രയേ പ്രാധാന്യം ഉണ്ടായിരുന്നുള്ളൂ. ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്കും നായകവേഷം തന്നെയാണ്. തിരക്കഥ മോഹന്‍ലാല്‍ വായിച്ച് ഇഷ്ടപ്പെട്ടു. എനിക്കും വളരെയേറെ ഇഷ്ടമായി” - സുരേഷ്ഗോപി പറഞ്ഞു.

ചിത്രത്തിലെ ശക്തനായ പ്രതിനായകന്‍ കൃഷ്ണദാസായി ശരത്കുമാര്‍ അഭിനയിക്കുമെന്നായിരുന്നു മുമ്പു ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ ശരത്കുമാറിനെ ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമാക്കി മാറ്റാനാണ് ഇപ്പോള്‍ തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും ആലോചിക്കുന്നത്. രതീഷ് അനശ്വരമാക്കിയ കൃഷ്ണദാസ് എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തും.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിന്‍സന്‍റ് ഗോമസ് ഈ സിനിമയില്‍ മദ്യക്കള്ളക്കടത്തോ സ്വര്‍ണക്കടത്തോ ചെയ്യുന്ന ആളല്ല. അതെല്ലാം അവസാനിപ്പിച്ച്, ഇപ്പോള്‍ കാറ്റാടിമരപ്പാടങ്ങള്‍ സ്വന്തമായുള്ളയാളാണ്. അയാള്‍ ജീവിതത്തിന്‍റെ സ്വസ്ഥതയും സുഖവും അനുഭവിക്കുന്ന നാളുകള്‍. അധോലോകബന്ധങ്ങളൊന്നുമില്ലാതെ ശാന്തമായ ജീവിതം. അവിടേക്കാണ് അസ്വസ്ഥതയുടെ കണികകള്‍ വിതറിക്കൊണ്ട് ചിലര്‍ കടന്നുവരുന്നത്.

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍” - മലയാളികളെ കോരിത്തരിപ്പിച്ച ഡയലോഗുകള്‍ രാജാവിന്‍റെ മകന്‍ റീമേക്കില്‍ പുനരവതരിപ്പിക്കും.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ‘രാജാവിന്‍റെ മകന്‍’ എന്ന പ്രസ്റ്റീജ് പ്രൊജക്ടുമായി വരുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ലക്‍ഷ്യമിടുന്നില്ല. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്‍റെ മകനിലൂടെ സംഭവിക്കുന്നത്. ഒപ്പം ശരത്കുമാറും സുരേഷ്ഗോപിയും കൂടി ചേരുമ്പോള്‍ ഈ സിനിമ വീണ്ടും ചരിത്രം രചിക്കുമെന്ന് സിനിമാ വിദഗ്ധര്‍ വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :