കുഞ്ചാക്കോ ബോബനും ബിജുമേനോനും പിരിയുന്നു!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മലയാള സിനിമയില്‍ താരങ്ങള്‍ക്കിടയില്‍ ഒട്ടേറെ ഹിറ്റ് കൂട്ടുകെട്ടുകള്‍ ഉണ്ട്. അത് നസീര്‍ - അടൂര്‍ഭാസി കാലം മുതലേയുണ്ട്. പിന്നീട് മോഹന്‍ലാല്‍ - ജഗതി, മോഹന്‍ലാല്‍ - മുകേഷ്, മുകേഷ് - ജഗദീഷ്, മോഹന്‍ലാല്‍ - ശ്രീനിവാസന്‍, മമ്മൂട്ടി - സുരാജ് വെഞ്ഞാറമ്മൂട് അങ്ങനെ തുടര്‍ന്നുവന്നു. ഇപ്പോള്‍ മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് കുഞ്ചാക്കോ ബോബന്‍ - ബിജുമേനോന്‍ ടീം ആണ്.

സീനിയേഴ്സിലാണ് ചാക്കോച്ചന്‍ - ബിജു ടീമിന്‍റെ കെമിസ്ട്രി പ്രേക്ഷകര്‍ക്കും സിനിമാലോകത്തിനും ബോധ്യപ്പെട്ടത്. പിന്നീട് സ്പാനിഷ് മസാലയില്‍ ഇവര്‍ ഒന്നിച്ചെങ്കിലും അത് അത്ര ആഘോഷമായില്ല. ഈ ടീം അടിച്ചുപൊളിക്കുന്നത് ‘ഓര്‍ഡിനറി’ എന്ന ചിത്രത്തിലാണ്.

ഓര്‍ഡിനറിക്ക് ശേഷം, ചാക്കോച്ചനും ബിജുവും ഒന്നിക്കുന്ന രീതിയിലുള്ള കഥകളുമായി സംവിധായകരും തിരക്കഥാകൃത്തുക്കളും ഇരുവര്‍ക്കും പിന്നാലെയാണ്. ഇപ്പോള്‍ തന്നെ 3 ഡോട്ട്‌സ്, 101 വെഡ്ഡിംഗ്സ്, റോമന്‍സ് എന്നീ സിനിമകളില്‍ ഈ കൂട്ടുകെട്ട് വിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ്.

എന്നാല്‍ ഈ ഒന്നിച്ചുപോക്ക് അധികകാലം തുടരാന്‍ ഇവര്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തെ ഈ തിരക്ക് കഴിഞ്ഞാല്‍, ആവര്‍ത്തന വിരസതയുണ്ടാക്കും മുമ്പ് തല്‍ക്കാലത്തേക്കെങ്കിലും പിരിയാനാണ് ചാക്കോച്ചനും ബിജുമേനോനും തീരുമാനിച്ചിരിക്കുന്നത്.

“ഞങ്ങളുടെ കൂട്ടുകെട്ടില്‍ ഒരു പുതുമയില്ല എന്ന് പ്രേക്ഷകര്‍ക്ക് തോന്നിത്തുടങ്ങും മുമ്പ് ഒന്നിച്ചു സിനിമകളില്‍ വരുന്നതിന് ഒരു ബ്രേക്ക് കൊടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്” - കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :